യുവജന യാത്ര ആവേശം പച്ചയണിയുമ്പോള്‍ ഓര്‍മ്മയില്‍ ഇവര്‍…

വടകര : ആവേശത്തിരയിളക്കി യുവജന യാത്ര കടന്നു വരുമ്പോള്‍ ചരിത്രത്തിന്റെ ബാക്കിപത്രമായ ഒട്ടനവധി സമ്മേളനങ്ങളോടൊപ്പം കണ്ണീരിന്റെ നനവുള്ള ഓര്‍മ്മകള്‍ കൂടിയുണ്ട് വടകരയിലെ പഴയ തലമുറക്ക്. 1959 ല്‍ കോഴിക്കോട് നടന്ന മുസ്്‌ലിംലീഗ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി പോയ ലോറി മറിഞ്ഞ് മരണപ്പെട്ട നാലു പേരുടെ സ്മരണകള്‍ പുതുതലമുറക്ക് പരിചയമില്ല. ഇരിങ്ങലില്‍ വെച്ച് ലോറി മറിഞ്ഞായിരുന്നു അപകടം. വടകര തട്ടാന്റവിട ഉമ്മര്‍, കോയന്റവിട ഉമ്മര്‍കുട്ടി, ചോറോട് തൊടുവയല്‍ അരയാക്കി അബ്ദുറഹിമാന്‍, പുതുപ്പണം മലയില്‍ മുഹമ്മദ് എന്നീ മുസ്്‌ലിംലീഗ് പ്രവര്‍ത്തകരാണ് അപകടത്തില്‍ മരണപ്പെട്ടത്.

1959 ഫെബ്രുവരി 14 നായിരുന്നു അപകടം. വടകര നിന്നും അലങ്കരിച്ച വലിയ ലോറിയില്‍ നിരവധി പേര്‍ കോഴിക്കോട്ടെ സമ്മേളന വേദിയായ ഇഖ്ബാല്‍ നഗറിലേക്ക് പുറപ്പെട്ടിരുന്നു. ഇരിങ്ങലില്‍ വെച്ച് വളവ് തിരിയുമ്പോള്‍ ലോറി പെട്ടെന്ന് മറിയുകയായിരുന്നു. നിരവധി പേര്‍ ലോറിക്കടിയില്‍ പെട്ടു. പത്തിലേറെ പേര്‍ക്ക് ഗുരുതമായി പരിക്കേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളജ്, ബീച്ച് ഹോസ്പിറ്റല്‍, വടകരയില്‍ വിവിധ ഹോസ്പിറ്റലുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നു പരിക്കേറ്റവര്‍. അപകടത്തെ തുടര്‍ന്ന് സമ്മേളനം ശോകമൂകമായി. പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ മുസ്്‌ലിംലീഗിന്റെ പ്രമുഖ നേതാക്കള്‍ ആസ്പത്രിയിലെത്തി.
വലിയ ദു:ഖമാണ് വടകരയിലെ മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ അപകടം ഉണ്ടാക്കിയത്. അപകടത്തെ കുറിച്ച് പാട്ടുകള്‍ വരെ രചിക്കപ്പെട്ടതായി മുസ്്‌ലിംലീഗ് നേതാവ് എം.സി വടകര പറഞ്ഞു. ‘പേരെഴും നല്ല മുസ്്‌ലിംലീഗിന്റെ കേരള സമ്മേളനം’ എന്ന് തുടങ്ങുന്ന പാട്ട് അപകടത്തിന്റെ ഞെട്ടല്‍ വരച്ചു കാണിക്കുന്നതിനൊപ്പം മരണപ്പെട്ടവരുടെ പേരുകള്‍ എടുത്തു പറഞ്ഞു അവരുടെ സവിശേഷതകള്‍ വ്യക്തമാക്കുന്നുമുണ്ട്.

ദീര്‍ഘകാലം വടകര മണ്ഡലം മുസ്്‌ലിംലീഗ് പ്രസിഡണ്ട്-സെക്രട്ടറി പദം അലങ്കരിച്ച ഏതാനും മാസങ്ങള്‍ക്കു മുമ്പ് മരണപ്പെട്ടു പോയ പുത്തൂര്‍ അസീസിന്റെ സ്മരണകളും കേരളയാത്ര കടന്നു വരുമ്പോള്‍ വടകരയിലെ മുസ്്‌ലിംലീഗ് പ്രവര്‍ത്തകരുടെ മനസ്സിനുള്ളില്‍ ഖനീഭവിച്ചു കിടക്കുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ ആവേശമായിരുന്നു പുത്തൂര്‍ അസീസിന്. ശരീരത്തിന്റെ വല്ലായ്മകളെ അവഗണിച്ചു കൊണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം നഗരത്തില്‍ തോരണം തൂക്കുന്ന പൂത്തൂര്‍ സമ്മേളന സമയങ്ങളിലെ നിത്യകാഴ്ചയായിരുന്നു.

SHARE