മുസ്്‌ലിം യൂത്ത് ലീഗ് ജസ്റ്റിസ് മാര്‍ച്ച് ഫെബ്രുവരി 13 ന്


കോഴിക്കോട്: ഭരണഘടനയെ സംരക്ഷിക്കു; ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഫെബ്രുവരി 13 ന് പാര്‍ലമെന്റിനു മുന്നില്‍ ജസ്റ്റിസ് മാര്‍ച്ച് സംഘടിപ്പിക്കാന്‍ ദേശീയ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് ഡല്‍ഹിയില്‍ ജന്തര്‍ മന്ദറില്‍ യുവജന പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ന്യൂനപക്ഷങ്ങള്‍ക്കും, ദളിതുകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുക, ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ആള്‍ക്കൂട്ട ഭീകരത ചെറുക്കുക, തൊഴിലില്ലായ്മക്കെതിരെയും, അഴിമതിക്കെതിരെയും പ്രതിഷേധിക്കുക, സാമുദായിക സംവരണത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളെ ചെറുക്കുക, ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനകീയ പ്രതിഷേധമുയര്‍ത്തുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ യൂത്ത് ലീഗ് സമരത്തിന്റെ ഭാഗമായി ഉയര്‍ത്തിക്കൊണ്ട് വരും.

സമരത്തില്‍ ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബീഹാര്‍, ബംഗാള്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് നൂറു കണക്കിന് സമരവളണ്ടിയര്‍മാരെത്തും. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും പ്രാതിനിധ്യ സ്വഭാവത്തിലുള്ള പങ്കാളിത്തമാണ് ഉണ്ടാവുക. വിവിധ സംസ്ഥാനങ്ങളില്‍ സമര പ്രഖ്യാപന കണ്‍വന്‍ഷനുകള്‍ നടക്കും. മുസ്്‌ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ.കെ.എ ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുള്‍ വഹാബ് എം.പി എന്നിവര്‍ സമരത്തില്‍ പങ്കെടുക്കും.
സെക്രട്ടറിയേറ്റ് മുസ്്‌ലിം യൂത്ത് ലീഗ് കേരള സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ സ്വാഗതവും ട്രഷറര്‍ മുഹമ്മദ് യൂനുസ് നന്ദിയും പറഞ്ഞു. കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ:പി.കെ ഫിറോസ്, തമിഴ്‌നാട് ജനറല്‍ സെക്രട്ടറി അന്‍സാരി മതാര്‍, ദേശീയ വൈസ് പ്രസിഡണ്ടുമാരായ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, അഡ്വ:വി.കെ ഫൈസല്‍ ബാബു സംസാരിച്ചു.