ആന്തൂരിലേക്ക് നാളെ മുസ്‌ലിം യൂത്ത് ലീഗ് ലോംഗ് മാര്‍ച്ച്

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ പികെ ശ്യാമളക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ലോംഗ് മാര്‍ച്ച് നാളെ. രാവിലെ പത്തിന് വളപട്ടണം പാലത്തിനു സമീപത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ചിന് ജില്ലാ പ്രസിഡന്റ് പിവി ഇബ്രാഹിം മാസ്റ്ററും തളിപ്പറമ്പില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ചിന് ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ പറമ്പത്തും നേതൃത്വം നല്‍കും. രണ്ടു ജാഥയും ഉച്ചയോടെ ധര്‍മ്മശാലയിലെത്തി ആന്തൂര്‍ നഗരസഭയിലേക്ക് മാര്‍ച്ച് ചെയ്യും. കെഎം ഷാജി എംഎല്‍എ ഉദ്ഘാടനം ചെയ്യും.

ആന്തൂര്‍ നഗരസഭ അധ്യക്ഷ രാജിവെക്കുക, പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വികെ അബ്ദുല്‍ഖാദര്‍മൗലവി, സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി, ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി കരീം ചേലേരി, കെപി ത്വാഹിര്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പികെ സുബൈര്‍ പ്രസംഗിക്കും.