യുവജനയാത്രക്കിടെ പ്രഖ്യാപിച്ച ബൈത്തുറഹ്മയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു

വര്‍ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം എന്ന സന്ദേശത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച യുവജനയാത്രക്കിടെ പ്രഖ്യാപിച്ച ബൈത്തുറഹ്മക്ക് ഹരിപ്പാടില്‍ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിലെ സുമംഗലയമ്മക്കാണ് യൂത്ത് ലീഗ് ബൈത്തുറഹ്മ പ്രഖ്യാപിച്ചിരുന്നത്.

മകളും പേരക്കുട്ടിയും അടങ്ങുന്ന സുമംഗലയമ്മയുടെ കുടുംബത്തിനൊരുക്കിയ സ്വപ്ന ഭവനത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. റിയാദ് കെ.എം.സി.സിയാണ് ബൈത്തുറഹ്മ നിര്‍മ്മിച്ച് നല്‍കുന്നത്.

തറക്കല്ലിടല്‍ കര്‍മ്മത്തെ കുറിച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ കുറിപ്പ് വായിക്കാം

ഓര്‍ക്കുന്നില്ലേ യുവജന യാത്ര ആലപ്പുഴ ജില്ലയിലെത്തിയപ്പോള്‍ ഒരമ്മ കരഞ്ഞ് കൊണ്ട് ഞങ്ങളെ സമീപിച്ചത്? കനത്ത മഴയില്‍ വീട് തകര്‍ന്ന ഈ അമ്മ മുട്ടാത്ത സര്‍ക്കാര്‍ വാതിലുകളില്ല. ആരും കനിഞ്ഞില്ല. ഒടുവില്‍ യൂത്ത് ലീഗ് ഇവരുടെ സങ്കടം പരിഹരിക്കാന്‍ തീരുമാനിച്ചു. ഇവര്‍ക്ക് താമസിക്കാനുള്ള വീട് നിര്‍മ്മിക്കാന്‍ റിയാദ് കെ.എം.സി.സി സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. ഇന്ന് വീടിന്റെ നിര്‍മ്മാണം ആരംഭിക്കുകയാണ്. പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ച് ആ അമ്മയുടെ സ്വപ്നസാക്ഷാത്ക്കാരത്തിന് തുടക്കം കുറിച്ചിരിക്കുന്നു. എത്രയും പെട്ടെന്ന് പണി പൂര്‍ത്തീകരിക്കാനാവട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം…