റോഹിന്‍ഗ്യ മുസ്്‌ലിം വംശഹത്യക്ക് ഒരാണ്ട്; നീതിതേടി ഇരകളുടെ കാത്തിരിപ്പ്

യാങ്കൂണ്‍: വംശഹത്യയുടെ ഏറ്റവും മികച്ച ഉദാഹരണമെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹിന്‍ഗ്യ മുസ്്‌ലിം കൂട്ടക്കുരുതിക്ക് ഒരാണ്ട്. 2017 ആഗസ്റ്റ് 25നായിരുന്നു അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ മ്യാന്മറിനെ നാണം കെടുത്തിയ വംശഹത്യയുടെ തുടക്കം.

ഒന്നാം വാര്‍ഷികത്തില്‍ ലോകമെങ്ങും പ്രതിഷേധങ്ങളുയരുമ്പോഴും കൂട്ടക്കുരുതിക്ക് ഇരയായ ലക്ഷക്കണക്കിന് മുസ്്‌ലിംകള്‍ ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കണ്ണീരുമായി കഴിയുകയാണ്. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട സൈനിക നടപടി ഏഴ് ലക്ഷം മുസ്്‌ലിംകളെയാണ് അഭയാര്‍ത്ഥികളാക്കിയത്. സ്വന്തം മണ്ണിലേക്കുള്ള തിരിച്ചുപോക്കിനെക്കുറിച്ച് സ്വപ്‌നം പോലും കാണാന്‍ സാധിക്കാതെ അവര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ജീവിതം ഉന്തിനീക്കുന്നു.

“ഞാന്‍ ഒരു റോഹിഗ്യന്‍ അഭയാര്‍ഥി ആണ്. ഞങ്ങള്‍ ഇനിയും ഈ ക്യാമ്പുകളില്‍ തുടരുന്നപക്ഷം തീര്‍ച്ചയായും ഞങ്ങളും മൃഗങ്ങളും തമ്മില്‍ ഒരു വ്യത്യാസവുമില്ലാതാവും”. ക്യാമ്പിലെ അഭയാര്‍ത്ഥിയുടെ അനുഭവ വിവരണം അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. “എല്ലാറ്റിനും പുറമെ, പൗരത്വവും അവകാശങ്ങളോടും കൂടെ മ്യാന്‍മറില്‍ തിരിച്ചെത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്”, അഭയാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച ബംഗ്ലാദേശിലെ കോക്‌സ്ബസാറില്‍ പ്രധാന അഭയാര്‍ത്ഥി സ്ഥിതി ചെയ്യുന്ന മേഖലയില്‍ റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ പ്രതിഷേധ റാലി നടത്തി. മ്യാന്മര്‍ സേനയുടെ നേതൃത്വത്തില്‍ നടന്ന കൂട്ടക്കുരുതിക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇരകള്‍ക്ക് നീതി ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബംഗ്ലാദേശ് ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടെ സംഘടിപ്പിച്ച റാലിയില്‍ പതിനായിരത്തിലേറെ പേര്‍ പങ്കെടുത്തു. കുറ്റവാളികളെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന റാലിയില്‍ സ്ത്രീകളും കുട്ടികളും പങ്കെടുത്തതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം സമാധാന നൊബേല്‍ ജേതാവ് ആങ് സാന്‍ സൂകിയുടെ മുഖംമൂടി അഴിഞ്ഞുവീണ മനുഷ്യവേട്ടയുടെ ഞെട്ടലില്‍നിന്ന് ലോകം ഇനിയും മുക്തമായിട്ടില്ല. മ്യാന്മര്‍ പൗരത്വം പോലും നിഷേധിക്കപ്പെട്ട റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ 1982 മുതല്‍ കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളെയാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ പൗരത്വത്തിനും തുല്യതക്കും വേണ്ടി പോരാടിയിരുന്ന റോഹിന്‍ഗ്യ മുസ്്‌ലിംകളിപ്പോള്‍ സ്വന്തം നാട്ടിലേക്കുള്ള തിരിച്ചുപോക്കിനുവേണ്ടിയാണ് ശ്രമിക്കുന്നത്. അഭയാര്‍ത്ഥികളെ തിരിച്ചുകൊണ്ടുപോകുന്നതിന് ബംഗ്ലാദേശുമായി മ്യാന്മര്‍ കരാറുണ്ടാക്കിയെങ്കിലും റോഹിന്‍ഗ്യകളുടെ മടക്കം എങ്ങുമെത്തിയിട്ടില്ല. മ്യാന്മറിലേക്കുള്ള തിരിച്ചുപോക്കിന്റെ കാര്യത്തിലും അവര്‍ക്ക് ആശങ്കയുണ്ട്.

അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന് വഴങ്ങി മ്യാന്മര്‍ അവരെ ഏറ്റെടുത്താലും ഭാവിയില്‍ സമാനരീതിയില്‍ തങ്ങളെ ആട്ടിപ്പുറത്താക്കാനുള്ള സാധ്യത തള്ളിക്കളയനാവില്ലെന്ന് അഭയാര്‍ത്ഥികള്‍ പറയുന്നു. പൗരത്വം നല്‍കിയാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് അറുതിയാകൂ. മ്യാന്മറിലേക്ക് തിരിച്ചുപോകുന്നതോടൊപ്പം തൊഴില്‍, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളില്‍ തങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് അറാകന്‍ റോഹിന്‍ഗ്യ സൊസൈറ്റി ഫോര്‍ പീസ് ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് അംഗം മുഹമ്മദ് ഇല്യാസ് പറയുന്നു.

ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 55 ശതമാനവും കുട്ടികളാണെന്നാണ് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ കണക്ക്. ഇവരില്‍ നിരവധി കുട്ടികള്‍ അനാഥരോ കലാപത്തെത്തുടര്‍ന്ന് കുടുംബങ്ങളില്‍നിന്ന് അകറ്റപ്പെട്ടവരോ ആണ്.
മാതാപിതാക്കള്‍ കൊല്ലപ്പെടുന്നത് നേരില്‍ കണ്ട ഇവര്‍ ഇപ്പോഴും ഭീതിയില്‍നിന്ന് മുക്തരായിട്ടില്ല.