ഈ രാജ്യത്തിനു വേണ്ടി പലതും ത്യജിച്ചവരാണ് അവര്‍; മോദിയുടെ ഇറ്റലി പരാമര്‍ശത്തിന് കിടിലന്‍ മറുപടിയുമായി രാഹുല്‍ ഗാന്ധി

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നു അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ ആക്രമണത്തിന് കിടിലന്‍ മറുപടിയുമായി കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഞാന്‍ കണ്ടിട്ടുള്ള പല ഇന്ത്യക്കാരേക്കാള്‍ കൂടുതല്‍ ദേശീയത തന്റെ അമ്മയ്ക്കുണ്ടെന്നാണ് സോണിയ ഗാന്ധിയുടെ ഇറ്റലി ബന്ധത്തെ പരാമര്‍ശിച്ചു രംഗത്തെത്തിയ മോദിക്ക് രാഹുല്‍ മറുപടി നല്‍കിയത്.

എന്റെ അമ്മ ഇറ്റലിക്കാരിയാണ്. എന്നാല്‍ ജീവിതത്തിന്റെ ഭൂരിഭാഗവും അവര്‍ ഇന്ത്യയിലാണ് ജീവിച്ചത്. തന്റെ ജീവിതത്തില്‍ കണ്ടുമുട്ടിയ പല ഇന്ത്യക്കാരനെക്കാളും ഇന്ത്യന്‍ ദേശീയത അവര്‍ വച്ചുപുലര്‍ത്തുന്നുണ്ട്. ഈ രാജ്യത്തിനുവേണ്ടി പലതും ത്യജിച്ചവരാണ് എന്റെ അമ്മ. പ്രധാനമന്ത്രിയുടെയും ബി.ജെ.പിയുടെയും ഇറ്റലി പരാമര്‍ശത്തെക്കുറിച്ച് പത്രസമ്മേളനത്തിനിടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുല്‍. രാഹുല്‍ ഗാന്ധിക്ക് അദ്ദേഹത്തിന്റെ അമ്മയുടെ മാതൃഭാഷ സംസാരിക്കാം എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വിവാദമായിരുന്നു. സോണിയ ഗാന്ധിയുടെ ഇറ്റാലിയന്‍ പേര് വിളിച്ച് ബി.ജെ.പിയും വ്യക്തിപരമായ ആക്രമണത്തിലേക്ക് കടന്നിരുന്നു

തന്റെ അമ്മയെക്കുറിച്ച് പ്രസ്താവനകള്‍ നടത്തുന്ന പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഗുണങ്ങളാണ് കാണിക്കുന്നത്. അങ്ങനെ ചെയ്യാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നെങ്കില്‍ തുടരട്ടെ. മോദിയുടെ ഉള്ളില്‍ ദേഷ്യമുണ്ട്. അദ്ദേഹം എന്നെ ഒരു ഭീഷണിയായി കാണുന്നു. അതിനാലാണ് എപ്പോഴും അദ്ദേഹം എന്നോട് ദേഷ്യം കാണിക്കുന്നത്. പക്ഷേ ആ ദേഷ്യം അദ്ദേഹത്തിന്റെ മാത്രം പ്രശ്നമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

മോദി എന്നെ ആക്രമിക്കുന്നത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ്. അദ്ദേഹത്തിന് കര്‍ണാടകയിലെ ജനങ്ങളുടെ ഭാവിയെക്കുറിച്ച് ഒന്നും പറയാനില്ല. കര്‍ണാടക തെരഞ്ഞെടുപ്പ് തന്നെചുറ്റിപ്പറ്റിയല്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.