‘അച്ഛന്റെ മൃതദേഹം മറവു ചെയ്തത് മുസ്‌ലിമും ഹിന്ദുവും ചേര്‍ന്നാണ്’; എല്ലാറ്റിനും മുകളിലാണ് മനുഷ്യത്വം- വൈറലായി ക്രിസ്ത്യന്‍ യുവതിയുടെ കുറിപ്പ്

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചു മരിച്ച അച്ഛനെ മറവു ചെയ്യാനെത്തിയ വിവിധ മതവിഭാഗത്തില്‍പ്പെട്ട വിശ്വാസികളെ പ്രകീര്‍ത്തിച്ച് യുവതി സാമൂഹിക മാദ്ധ്യമങ്ങളില്‍ പോസ്റ്റു ചെയ്ത കുറിപ്പ് വൈറല്‍. ഡല്‍ഹിയില്‍ ക്വാറന്റൈനില്‍ കഴിയുന്ന 26കാരിയാണ് ഹൃദയഹാരിയായ അനുഭവം പങ്കുവച്ചത്. ഇന്ത്യന്‍ എക്സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അതിങ്ങനെ;

65കാരനായ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനാണ് അച്ഛന്‍. കോവിഡ് ബാധിച്ച് അച്ഛന്‍ മരിച്ചെന്ന വാര്‍ത്ത കിട്ടിയപ്പോള്‍ ആദ്യം വിളിച്ചത് പുരോഹിതനെയാണ്. ഞാനും അമ്മയും ക്വാറന്റീനിലെ പത്താം ദിവസത്തിലായിരുന്നു. എന്തു ചെയ്യണമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പുരോഹിതന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ല. ‘വരാനാകില്ല. ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കാം’ എന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാനും അമ്മയും രക്തബന്ധത്തിലുള്ള മറ്റൊരാള്‍ക്കു കൂടി ഫോണ്‍ ചെയ്തു. പക്ഷേ ആ ബന്ധു സഹായിക്കാന്‍ ആകില്ലെന്ന് അറിയിച്ചു.

അപ്പോഴേക്ക് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയായിട്ടുണ്ട്. ആ സമയത്ത് പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ നിന്ന് ഞങ്ങള്‍ക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാനുള്ള അനുമതി കിട്ടി. വീട്ടില്‍ നിന്നു തന്നെ മറ്റു ചിലരെ കൂടി വിളിച്ചു. ആശുപത്രിയില്‍ സഹായത്തിനായി രണ്ടു പരിചയക്കാരെ കിട്ടി.

ഞങ്ങള്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു മാര്‍ഗിലെ ലോക് നായക് ആശുപത്രിയിലേക്ക് പുറപ്പെട്ടു. ആശുപത്രിയില്‍ എത്തുന്ന വേളയില്‍ എങ്ങനെ അച്ഛനെ മറവു ചെയ്യും എന്നതില്‍ ഒരു പിടിയുമുണ്ടായിരുന്നില്ല. സെമിത്തേരിയില്‍ ഇടം കിട്ടുമോ ഇല്ലയോ എന്നും അറിയുമായിരുന്നില്ല. ഔദ്യോഗിക നടപടി ക്രമങ്ങള്‍ കഴിഞ്ഞ് മൃതദേഹം വിട്ടു കിട്ടുമ്പോള്‍ അഞ്ചു മണിയായി.

സമയം വൈകിയതു കൊണ്ട് ആശുപത്രി ജീവനക്കാര്‍ മൃതദേഹത്തിന് ഒപ്പം വന്നില്ല. ആശുപത്രിയിലേക്ക് കൊണ്ടു പോയ ഓല കാബ് ഡ്രൈവര്‍ മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടു പോകാന്‍ വിസമ്മതിച്ചു. ഒടുവില്‍ ഹുസൈന്‍ എന്ന 35 കാരന്‍ ഓട്ടോ ഡ്രൈവറെ വിളിച്ചു. അയാള്‍ക്ക് ഞങ്ങളുടെ സാഹചര്യം അറിയാമായിരുന്നു. മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടു പോകാം എന്നദ്ദേഹം സമ്മതിച്ചു.

ആറു മണിയോടെ മന്‍ഗോല്‍പുരിയിലെ ബുധ് വിഹാര്‍ ഷംസാന്‍ സെമിത്തേരിയില്‍ എത്തി. തൊട്ടടുത്തുള്ള മുസ്‌ലിം ഖബറിസ്ഥാനും ഹിന്ദു ശ്മശാനവും മൃതദേഹങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. എന്നാല്‍ ക്രിസ്ത്യന്‍ സെമിത്തേരി ശൂന്യമായിരുന്നു.

കോവിഡ് ബാധിച്ചു മരിച്ചയാള്‍ക്കു വേണ്ടി 14 അടി താഴ്ചയുള്ള കുഴിയാണ് ഒരുക്കിയിരുന്നത്. സെമിത്തേരിയില്‍ സഞ്ജയ് എന്ന ജീവനക്കാരന്‍ ആയിരുന്നു ഉണ്ടായിരുന്നത്. 15 വര്‍ഷമായി ആ സെമിത്തേരിയുടെ കാവല്‍ക്കാരനായിരുന്നു അയാള്‍.

കല്‍റ ആശുപത്രിയിലെ സനല്‍ എന്ന പരിചയക്കാരന്‍ നഴ്‌സ് സെമിത്തേരി ജീവനക്കാരനു വേണ്ടിയുള്ള പി.പി.ഇ കിറ്റ് നല്‍കി. മൃതദേഹം മറവു ചെയ്യുന്ന വേളയിലാണ് വടക്കേ ഇന്ത്യയ്ക്കാരനായ ഒരു പാസ്റ്റര്‍ അതുവഴി പോയത്. പുരോഹിതന്‍ ഇല്ലാതെ മറവു ചെയ്യുന്നത് കണ്ട അദ്ദേഹം അടുത്തേക്ക് വന്നു. അദ്ദേഹം ബൈബിളില്‍ നിന്ന് ഒരദ്ധ്യായം വായിച്ചു.

എന്റെ അച്ഛന്റെ മൃതദേഹം മറവു ചെയ്തത് ഒരു മുസ്‌ലിം ഓട്ടോ ഡ്രൈവറും സെമിത്തേരിയിലെ ഹിന്ദു സഹായിയും ദൈവം അയച്ച രണ്ട് മാലാഖമാരും ചേര്‍ന്നാണ്. അന്ധമായി അനുകരിക്കുന്ന ഏതൊരു വിശ്വാസത്തേക്കാളും വലുതാണ് മനുഷ്യത്വം. അച്ഛന്‍ സ്വര്‍ഗസ്ഥനായിരിക്കുന്നു എന്നെനിക്കുറപ്പുണ്ട്. എന്നാല്‍ ഭയന്ന് സഹായം നിഷേധിച്ചവര്‍ക്ക് അതു കിട്ടുമോ എന്നെനിക്കുറപ്പില്ല. – അവര്‍ കുറിച്ചു.

ഇതേക്കുറിച്ച് ഓട്ടോ ഡ്രൈവര്‍ ഹുസൈന്‍ പറയുന്നത് ഇങ്ങനെ; ‘ അത്രയും വേദനയിലായിരുന്നു ആ അമ്മയും മകളും. അവരോട് പറ്റില്ല എന്നു പറയാന്‍ തോന്നിയില്ല. അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖ ദിനത്തില്‍ അവര്‍ തനിച്ചായിരുന്നു. ബന്ധുക്കളില്ല. അവരുടെ വിശ്വാസത്തില്‍പ്പെട്ട പുരോഹതരില്ല. ആ വേളയില്‍ മനുഷ്യത്വം മരിക്കാന്‍ ഞാന്‍ അനുവദിച്ചില്ല’

‘ കോവിഡ് ബാധിച്ചോ അല്ലാതെയോ ഉള്ള ഏതു മരണവുമാകട്ടെ, ഇതെന്റെ ജോലിയാണ്. ഭയം കൊണ്ട് ഞാന്‍ പിന്മാറില്ല’ – എന്നായിരുന്നു സെമിത്തേരിയിലെ സഹായി സഞ്ജയിന്റെ വാക്കുകള്‍.

SHARE