മുസഫര്‍പുര്‍ ലൈംഗിക പീഡനം; ഞെട്ടിക്കുന്നതും ഭീകരവുമെന്ന് സുപ്രീംകോടതി

അഭയകേന്ദ്രത്തില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച് തല്ലിക്കൊലപ്പെടുത്തിയ സ്ഥലം ദൃക്‌സാക്ഷി പൊലീസിന് കാണിച്ചു കൊടുക്കുന്നു

ന്യൂഡല്‍ഹി: മുസഫര്‍പുര്‍ അഭയ കേന്ദ്രത്തിലെ ലൈംഗിക പീഡനം ഞെട്ടിക്കുന്നതും ദാരുണവും ഭീകരവുമാണെന്ന് സുപ്രീംകോടതി. സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിക്കവേയായിരുന്നു കോടതിയുടെ കടുത്ത പ്രതികരണം. അഭയകേന്ദ്രത്തിലെ പ്രായപൂര്‍ത്തിയാവാത്തവര്‍ ഉള്‍പ്പെടെ 34 അന്തേവാസികളെ ലൈംഗിക പീഡനത്തിനിരിയാക്കിയെന്നാണ് കേസ്. കേന്ദ്രം നടത്തിപ്പുകാരനായിരുന്ന ബ്രജേഷ് താക്കൂറാണ് കേസിലെ മുഖ്യപ്രതി.

മുഖ്യ പ്രതി ബ്രജേഷ് താക്കൂര്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണെന്നും അയാളെ ബീഹാറിന് പുറത്തെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടു. കേസില്‍ ജാമ്യം അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ബ്രജേഷ് താക്കൂറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കോടതിയില്‍ സമര്‍പ്പിച്ചത്. മുന്‍ ബീഹാര്‍ മന്ത്രി മഞ്ജു വര്‍മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മയെ എന്തുകൊണ്ടാണ് ഇതുവരെ അറസ്റ്റ് ചെയ്യാത്തതെന്നും കേടതി ബീഹാര്‍ സര്‍ക്കാറിനോടും സി.ബി.ഐയോടും ചോദിച്ചു.

ബിഹാര്‍ ആരോഗ്യമന്ത്രിയായിരുന്ന മഞ്ജുവര്‍മ സംഭവത്തെ തുടര്‍ന്ന് രാജി വെക്കേണ്ടി വന്നിരുന്നു. അവരുടെ ഭര്‍ത്താവ് ചന്ദ്രേശ്വര്‍ വര്‍മക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപണത്തെതുടര്‍ന്നായിരുന്നു രാജി.
ജൂണ്‍ രണ്ടിന് അറസ്റ്റിലായ താക്കൂര്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിവിധ സൗകര്യങ്ങളോടെയാണ് ജയിലില്‍ കഴിയുന്നതെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. മറ്റു തടവുകാര്‍ക്കൊപ്പം ഇയാളെ പാര്‍പ്പിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.