മുതലപ്പൊഴി ടൂറിസം പദ്ധതി; സര്‍ക്കാര്‍ അവഗണന തുടരുന്നു

പെരുമാതുറ: ജില്ലയിലെ പെരുമാതുറ – അഞ്ചുതെങ്ങ് തീരദേശ ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിന് തുണയാകുന്ന മുതലപ്പൊഴി ടൂറിസം പദ്ധതി അധികൃതരുടെ അവഗണനയില്‍. അടിസ്ഥാന വികസന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഫണ്ട് അനുവദിച്ച് മാസങ്ങള്‍ പിന്നിട്ടെങ്കിലും പദ്ധതിയുടെ പ്രരംഭ ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാവുകയാണ്.

5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെരുമാതുറ പാലം യാഥാര്‍ത്ഥ്യമായത്തോട് കൂടിയാണ് മുതലപ്പൊഴിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ആരംഭിക്കുന്നത്. ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പഠനങ്ങള്‍ നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വന്ന ഇടതുപക്ഷ സര്‍ക്കാര്‍ മുതലപ്പൊഴിയെ അവഗണിച്ചു. ഇതിനിടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിനായി പാറ കൊണ്ട് പോകാന്‍ വാര്‍ഫ് നിര്‍മ്മിക്കാന്‍ ടൂറിസത്തിനായി കണ്ടെത്തിയ സ്ഥലം സര്‍ക്കാര്‍ അദാനിക്ക് വിട്ടു നല്‍കി.

ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ ഹാര്‍ബര്‍ എജിനീയറിംഗ് വകുപ്പ് മന്ത്രി ജെ മെഴ്‌സിക്കുട്ടി അമ്മയും ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രദേശവാസികളുമായി നടത്തിയ ചര്‍ച്ചയില്‍ വാര്‍ഫ് നിര്‍മ്മാണത്തോടൊപ്പം തന്നെ മുതലപ്പൊഴി ടൂറിസം പദ്ധതി ആരംഭിക്കുമെന്ന് പ്രദേശവാസികള്‍ക്ക് ഉറപ്പ് നല്‍കി. ഇതോടെ പ്രതിഷേധത്തില്‍ നിന്നും സമരക്കാര്‍ പിന്‍വാങ്ങി.

തുടര്‍ന്ന് 2019 ആഗസ്റ്റില്‍ മുതലപ്പൊഴി ടൂറിസം പദ്ധതിക്കായി വിനോദ സഞ്ചാര വകുപ്പ് മൂന്ന് കോടി രൂപ അനുവദിച്ച് ഉത്തരവിറക്കി.
ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. എന്നാല്‍ കരാര്‍ കാലാവധി കഴിയാന്‍ 2 മാസം മാത്രം ശേഷിക്കെ ടൂറിസം വികസനത്തിനായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്രരംഭഘട്ടം പോലും ആരംഭിച്ചിട്ടില്ല. പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി പോയ പദ്ധതി എത്രയും വേഗം പൂര്‍ത്തികരിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

SHARE