പി.വി അന്‍വറിന് തിരിച്ചടി ; തടയണ പൊളിക്കണമെന്ന് കോടതി ഉത്തരവ്

പി.വി.അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് വെള്ളമെടുക്കാന്‍ നിര്‍മിച്ച തടയണ ഒരാഴ്ചക്കകം പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ജില്ലാ ജിയോളജിസ്റ്റ് തടയണ പൊളിച്ചുനീക്കാന്‍ മേല്‍നോട്ടം വഹിക്കുമെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു. കേസ് വീണ്ടും 30 ന് പരിഗണിക്കും. ചീങ്കണ്ണിപ്പാലയിലെ തടയണയില്‍ നിന്ന് വെള്ളം ഒഴുക്കി കളഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലെന്നും തടയണ പൊളിക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സ്‌റ്റേറ്റ് അറ്റോര്‍ണി ജനറലിനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.കേരളത്തിലുണ്ടായ പ്രളയത്തെ കുറിച്ചും ഹൈക്കോടതി ഓര്‍മ്മപ്പെടുത്തി.
അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഭൂമിയിലാണ് തടയണ നിര്‍മിച്ചിട്ടുള്ളത്. തടയണ സ്വന്തമായി പൊളിച്ചു നീക്കിക്കൊള്ളാമെന്ന് ഭാര്യാപിതാവ് നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഭാഗികമായി മാത്രമാണ് പൊളിച്ചുനീക്കിയത്. ഇതില്‍ കോടതി വിമര്‍ശനമുന്നയിച്ചു. ഉത്തരവ് പൂര്‍ണമായും പാലിക്കാത്തതിന് അന്‍വറിന്റെ ഭാര്യാപിതാവിന്റെ അഭിഭാഷകന്‍ കോടതിയില്‍ ക്ഷമാപണം നടത്തി.
തടയണ പരിസ്ഥിതിക്ക് ഭീഷണിയും പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലാണ് കോടതിയെ സമീപിച്ചത്. അന്‍വറിന്റെ പേരിലായിരുന്ന ഭൂമി ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലേക്ക് മാറ്റിയ ശേഷമായിരുന്നു അനധികൃത തടയണ നിര്‍മാണം.