‘കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറണം’; മനുഷ്യാവകാശപ്രവര്‍ത്തകരുടെ അറസ്റ്റില്‍ പൂനെ പൊലീസിനെ വിമര്‍ശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പൂനെ പൊലീസിനെ വിമര്‍ശിച്ച് സുപ്രീംകോടതി. പൊലീസിനെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് സുപ്രീംകോടതി താക്കീത് നല്‍കി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്. അറസ്റ്റിലായവര്‍ മാവോയിസ്റ്റ് ബന്ധമുള്ളവരാണെന്ന് പൂനെ പൊലീസ് വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതി വിമര്‍ശനം.

കോടതിയിലെത്തുന്നതിന് മുമ്പ് തന്നെ കേസുകളില്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ ഇടപെടണമെന്ന് പൊലീസ് ഉദ്യോഗസ്ഥരെ താക്കീത് നല്‍കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതി നിലപാട് തെറ്റാണെന്ന് പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് കേള്‍ക്കാന്‍ താല്‍പ്പര്യമില്ലെന്നും കോടതി പറഞ്ഞു. കേസ് ഈ മാസം 12ന് കോടതി പരിഗണിക്കും.

നേരത്തെ, അറസ്റ്റു ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന് മഹാരാഷ്ട്ര പൊലീസ് വാര്‍ത്താസമ്മേളനം വിളിച്ച് പറഞ്ഞിരുന്നു. പത്രസമ്മേളനത്തില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് പൊലീസ് പരംഭീര്‍ സിംഗ് ആണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് അറിയിച്ചത്. അറസ്റ്റിലായവര്‍ പരസ്പരം കൈമാറിയെന്ന് പറയപ്പെടുന്ന കത്തുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു പൊലീസിന്റെ വിശദീകരണം.

തെലുങ്ക് വിപ്ലവ കവി വരവരറാവു, മനുഷ്യാവകാശ പ്രവര്‍ത്തകരായ സുധ ഭരദ്വാജ്, അരുണ്‍ ഫെരേര, ഗൗതം നവ്‌ലഖ, വെര്‍ണന്‍ ഗൊണ്‍സാല്‍വസ് എന്നിവരെയാണ് പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സുപ്രീംകോടതി ഇവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.