യു.പിയില്‍ മുസ്‌ലിം വേട്ട; പ്രതിഷേധക്കാരെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് പാരിതോഷികം

ലക്‌നേ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ നേരിടാന്‍ കുതന്ത്രവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മറ്റുമായി ലഭിച്ച പ്രതിഷേധക്കാരുടെ ഉള്‍പ്പെടുത്തി കാണ്‍പൂര്‍, ഫിറോസാബാദ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പൊലീസ് റിവാര്‍ഡ് പോസ്റ്ററുകള്‍ പതിച്ചു. ബിജ്‌നോറില്‍ പൊലീസ് അന്വേഷിക്കുന്ന മൂന്ന് ആളുകളെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 25000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഗോരഖ്പൂരില്‍ സ്വത്ത് വകകള്‍ കണ്ടുകെട്ടുമെന്ന അറിയിപ്പും നല്‍കി. ഫിറോസാബാദിലും ഗോരഖ്പൂരിലും വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ആവശ്യമുള്ള വ്യക്തികളുടെ ഫോട്ടോകള്‍ പൊലീസ് പ്രചരിപ്പിക്കുന്നുണ്ട്. ഇവരെകുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പൊലീസ് ഭാഷ്യം. മോവില്‍ പ്രതിഷേധ പ്രകടനം നടത്തിയ 110 പേരുടെ ഫോട്ടോകള്‍ അടങ്ങിയ പോസ്റ്റര്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതിഷേധക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ വെളുപ്പെടുത്തില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇതുവരെ 21 പേരെ സംഭവവുമായി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മൂന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മൊ പൊലീസ് സൂപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു. നിരവധിപേരെ തിരിച്ചറിഞ്ഞു. ഈ 110 പേരെ കുറിച്ച് വിവരമൊന്നും ഇല്ലാത്തതിനാലാണ് അവരുടെ ഫോട്ടോകളുള്ള പോസ്റ്ററുകള്‍ പുറത്തിറക്കിയത്. എസ്.പി വ്യക്തമാക്കി. അതേസമയം സമാധാനപരമായി നടന്ന പ്രതിഷേധത്തിന് നേരെ വെടിവെപ്പ്് നടത്തിയ പൊലീസ് വീണ്ടും മുസ്‌ലിം വേട്ടയുമായി രംഗത്തെത്തിയിരിക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.