‘ഞങ്ങള്‍ സഹോദരങ്ങളായി ജീവിക്കുന്നവരാണ്’;ബംഗളൂരു സംഘര്‍ഷത്തിനിടയില്‍ ക്ഷേത്രം സംരക്ഷിക്കുന്ന മുസ്‌ലിംകള്‍ വൈറല്‍ വീഡിയോ

ബംഗളൂരു: വിദ്വേഷം പരത്തുന്ന ഫെയ്‌സ്ബുക് പോസ്റ്റിട്ടതിനെ തുടര്‍ന്ന് ബംഗളൂരുവിലുണ്ടായ സംഘര്‍ഷത്തിനിടെ സമീപത്തെ ക്ഷേത്രത്തിന് കാവല്‍ നില്‍ക്കുന്ന മുസ്‌ലിം യുവാക്കളുടെ വീഡിയോ വൈറലാവുന്നു.

പുലകേശി ക്ഷേത്രത്തില്‍ കലാപകാരികളെ പ്രവേശിക്കാന്‍ അനുവദിക്കാത്ത വിധം കൈകോര്‍ത്ത് മുസ്‌ലിം യുവാക്കള്‍ സംരക്ഷണമൊരുക്കുന്നതാണ് വീഡിയോ. വീഡിയോയില്‍ ഒരാള്‍ ദയവു ചെയ്ത് ഇവിടെ നിന്ന് മാറി നില്‍ക്കണം എന്നു പറയുന്നതും കേള്‍ക്കാം.

പുലികേശിനഗര്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലിയുള്ള സംഘര്‍ഷമാണ് ഇന്നലെ അര്‍ദ്ധ രാത്രിയൊടെ ആക്രമത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാര്‍ എംഎല്‍എയുടെ വീട് ആക്രമിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ബംഗളൂരുവിലെ ഡിജെ ഹാലി പ്രദേശത്ത് ഉണ്ടായ തീപിടുത്തത്തെയും നശീകരണത്തെയും തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പോസ്റ്റിട്ട എംഎല്‍എയുടെ ബന്ധുവായ നവീനെ അറസ്റ്റു ചെയ്തതായി ബംഗളൂരു പോലീസ് കമ്മീഷണര്‍ കമല്‍ പന്ത് അറിയിച്ചു.

ഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരിയുടെ മകന്‍ മതവിദ്വേഷം വളര്‍ത്തുന്ന വിവാദ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്നാണ് പ്രാഥമിക വിവരം. ഇതോടെ ചൊവ്വാഴ്ച രാത്രി നൂറുകണക്കിനുപേര്‍ ശ്രീനിവാസമൂര്‍ത്തിയുടെ വീടിനുമുന്നില്‍ തടിച്ചുകൂടുകയായിരുന്നു. പിന്നാലെ അര്‍ദ്ധരാത്രിയോടെ ചിലര്‍ എംഎല്‍എയുടെ വീടിനുനേറെ കല്ലേറ് നടത്തുകയും അക്രമണം അഴിച്ചുവിടുകയുമുണ്ടായി. പിന്നാലെ അക്രമികള്‍ തുടര്‍ന്ന് ഡിജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്റ്റേഷനിലേക്കും പ്രതിഷേധം നടത്തി. ഇതിനിടെ അര്‍ദ്ധരാത്രിയോടെ വിവിധ നേതാക്കള്‍ സ്ഥലത്തെത്തുകയും അക്രമം ശമിപ്പിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി അക്രമികളെ അടിച്ചോടിക്കുകയുമായിരുന്നു. അഗ്‌നിശമനസേനാംഗങ്ങളെത്തിയാണ് തീകെടുത്തിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ സ്ഥിതി നിയന്ത്രണവിധേയമാക്കി. കലാപവും തീകൊളുത്തലും നിയമത്തിന് വിരുദ്ധമാണെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബോംമൈ പറഞ്ഞു.

SHARE