ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ തന്നെ നില്ക്കാന് തീരുമാനിച്ച മുസ്ലിംകള് രാജ്യത്തിനായി ഒരുപകാരവും ചെയ്തിട്ടില്ലെന്ന് യു.പി മുഖ്യമന്ത്രിയും വര്‍ഗീയ പരാമര്‍ശങ്ങളാല്‍ കുപ്രസിദ്ധനുമായ യോഗി ആദിത്യനാഥ്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ ഷഹീന് ബാഗില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നവര്‍ക്കെതിരേ നടത്തിയ വിവാദ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ചിരിക്കെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി വീണ്ടും വര്‍ഗീയ കാര്‍ഡിറക്കിയത്.
പാകിസ്താന് രൂപീകരണത്തിലേക്ക് നയിച്ച വിഭജനത്തെ അവര്‍ എതിര്‍ക്കണമായിരുന്നു എന്നും ബി.ബി.സി ഹിന്ദിക്കു നല്കിയ അഭിമുഖത്തില്‍ യോഗി പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം നടന്നു വരുന്ന പ്രക്ഷോഭങ്ങള്‍ക്കിടെയാണ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പേരു കേട്ട യോഗിയുടെ പ്രസ്താവന.
ഡല്‍ഹിയിലെ ഷാഹീന്‍ബാഗിലെ സമരത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രത്യേക സമുദായത്തിലെ പുരുഷന്മാര് ഭീരുക്കളാണ്, അതു കൊണ്ടാണ് സ്ത്രീകളെ തെരുവിലിറക്കിയത് എന്നാണ് മുസ്ലിം സമുദായത്തെ ഉദ്ദേശിച്ച് യോഗി പറഞ്ഞത്.
‘ഒരു പ്രത്യേക സമുദായത്തിലെ പുരുഷന്മാര്, അവര്‍ ഭീരുക്കളാണ്. അവര്‍ മെത്തയില്‍ കിടന്ന് സ്ത്രീകളെയും കുട്ടികളെയും ഈ നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ പറഞ്ഞുവിടുകയാണ്’ എന്നായിരുന്നു യോഗിയുടെ വാക്കുകള്‍. ഇന്ത്യയില്‍ ഓരോരുത്തര്‍ക്കും സമാധാനപരമായി പ്രതിഷേധിക്കാന്‍ ഉള്ള അവകാശം ഉണ്ടെന്നും ഷാഹീന്‍ബാഗിലെ സമരം സമാധാനപരമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൗരത്വ നിയമ ഭേദഗതിക്കെതിരേ ശാഹീന്‍ ബാഗില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നവര്‍ക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ ഡല്‍ഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസയച്ചത്.
അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ ശാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് ബിരിയാണി വിതരണം ചെയ്യുന്നുവെന്നായിരുന്നു യോഗിയുടെ വിവാദ പരാമര്‍ശം. വെളളിയാഴ്ച വൈകീട്ട് അഞ്ചിന്് മുന്‍പ് ആരോപണത്തിന് മറുപടി നല്‍കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം മറ്റൊരു അറിയിപ്പ് കൂടാതെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നോട്ടിസില്‍ മുന്നറിയിപ്പ് നല്കുന്നു.