ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ബി.ജെ.പിയുമായി അഭിപ്രായവിത്യാസമുള്ള എന്‍ഡിഎ സഖ്യത്തിലുള്ള അകാലി ദള്‍ കേന്ദ്ര സര്‍ക്കാറിനെതിരെ നിലപാട് കടുപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാട് വ്യക്തമാക്കാതെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എന്‍.ഡി.എ ഘടകകക്ഷിയായ ശിരോമണി അകാലി ദള്‍ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തില്‍ എല്ലാ മതക്കാരെയും ഉള്‍പ്പെടുത്തണമെന്നാണ് അകാലി ദള്‍ ആവശ്യപ്പെടുന്നത്. ഏതെങ്കിലും മതത്തെ മാറ്റി നിര്‍ത്തി പൗരത്വം നിയമം നടപ്പിലാക്കുന്നതില്‍ തങ്ങള്‍ക്ക് വിയോജിപ്പുണ്ടെന്നും അകാലി ദള്‍ വ്യക്തമാക്കി. സീറ്റ് വിഭജനത്തിലും അകാലി ദളിന് ബിജെപിയോട് വിയോജിപ്പുണ്ട്. തുടര്‍ന്നാണ് എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍വീഴ്ത്തി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ഏറെക്കാലത്തെ സഖ്യകക്ഷിയായ അകാലി ദളിന്റെ നിലപാട് ബി.ജെ.പിക്ക് തിരിച്ചടിയാണ്.
‘രാജ്യം മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല. ഞങ്ങളുടെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. നിലപാട് മാറ്റുന്നതിനേക്കാള്‍ നല്ലത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുന്നതാണ്. ഈ രാജ്യം എല്ലാവരുടേതും ആണ്.’ അകാലി ദള്‍ നേതാവ് മജിന്ദര്‍ സിങ് സിര്‍സ ഡല്‍ഹിയില്‍ പറഞ്ഞു.
ഞങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാല്‍, നിയമത്തില്‍ നിന്ന് മതത്തിന്റെ പേരില്‍ ആരെയെങ്കിലും ഒഴിവാക്കുന്നതിനോട് എതിര്‍പ്പാണ്. അത് തെറ്റാണ്. മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടരുതെന്നാണ് ഞങ്ങളുടെ വ്യക്തമായ നിലപാട്. ഈ നിലപാട് മാറ്റുന്നതിനെക്കാള് ഭേദം തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം മത്സരിക്കാതിരിക്കുകയാണ്. രാജ്യം എല്ലാവരുടെയുമാണ്. പൗരത്വ പട്ടിക രാജ്യത്ത് നടപ്പാക്കരുതെന്നും അകാലി ദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് പറഞ്ഞു.
ബി.ജെ.പിയുമായി ഏറെക്കാലമായി സഖ്യത്തിലുണ്ട്. എന്നാല്‍, പൗരത്വ ഭേദഗതി നിയമത്തില്‍ ഞങ്ങള്‍ നിലപാട് എടുത്തത് മുതല്‍ ബി.ജെ.പി തുടര്‍ച്ചയായി ഞങ്ങളോട് നിലപാട് മാറ്റാന്‍ ആവശ്യപ്പെടുകയാണ്. നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന തീരുമാനത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കും സിര്‍സ കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ദിവസം പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കിപ്പോള്‍ അകാലി ദള്‍ പ്രമേയത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തില്‍ ഇളവ് അനുവദിക്കുന്നവരുടെ കൂട്ടത്തില്‍ മുസ്ലിം മതവിഭാഗത്തെയും ഉള്‍പ്പെടുത്തണമെന്ന് അകാലി ദളിന്റെ രാജ്യസഭ എം.പി നരേഷ് ഗുജ്റാള്‍ കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ബി.ജെ.പിയുമായി ഭിന്നത രൂക്ഷമായത്. എന്‍.ഡി.എ സഖ്യത്തിലെ നിരവധി കക്ഷികള്‍ അസംതൃപ്തിയിലാണെന്നും ഗുജ്റാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ അകാലി ദള്‍ ശക്തമായ നിലപാടുമായി മുന്നോട്ടു പോകുമ്പോള്‍ അത് എന്‍ഡിഎ സഖ്യത്തിന് തലവേദന സൃഷ്ടിക്കുകയാണ്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമ്പോള്‍ അകാലി ദള്‍ മുഖം തിരിച്ചു നില്‍ക്കുന്നത് ബിജെപിക്ക് തിരിച്ചടിയാകും. തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ബിജെപി നേരത്തെ പ്രഖ്യാപിച്ചിരിക്കെ പാതിവഴിയെ അകാലി ദള്‍ മുഖം തിരിക്കുന്നത് ബിജെപിയെ വലിയ രീതിയില്‍ ബാധിക്കും.