ഇന്ത്യന്‍ തടവുകാരില്‍ ഭൂരിപക്ഷവും ദളിത്, മുസ്‌ലിം വിഭാഗക്കാരെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്നവരില്‍ മൂന്നില്‍ രണ്ടും ദളിത്, ആദിവാസി, മറ്റു പിന്നാക്ക വിഭാഗക്കരെന്ന് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ സ്ഥിതി വിവര കണക്ക് അനുസരിച്ച് 66 ശതമാനം തടവുകാരും ഈ വിഭാഗങ്ങളില്‍പെട്ടവരാണ്.
4.66 ലക്ഷം തടവുകാരില്‍ നിരക്ഷരരോ അല്ലെങ്കില്‍ പത്താം തരത്തിനുമപ്പുറം വിദ്യാഭ്യാസം നേടാത്തവരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 19 ശതമാനം തടവുകാര്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളവരാണ്. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍ പ്രദേശിലാണ് ഏറ്റവും കൂടുതല്‍ മുസ്‌ലിം, ദളിത് തടവുകാര്‍ ഏറ്റവും കൂടുതലുള്ളത്. രാജ്യത്തെ മൊത്തം മുസ്‌ലിം തടവുകാരില്‍ 31.3 ശതമാനം പേരും (27,459 പേര്‍) യു.പി ജയിലുകളിലാണ്. പശ്ചിമ ബംഗാള്‍ (8401), കര്‍ണാടക (2,798 )എന്നീ സംസ്ഥാനങ്ങളിലെ ജയിലുകളിലാണ് യു.പി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം തടവുകാരുള്ളത്.
മധ്യപ്രദേശാണ് ആദിവാസി തടവുകാരുടെ അനുപാതത്തില്‍ ഏറ്റവും മുന്നില്‍. ഇന്നലെ പുറത്തിറക്കിയ 2018ലെ ജയില്‍ സ്ഥിതിവിവര കണക്കുകളിലാണ് ഇതു സംബന്ധിച്ച കണക്കുകളുള്ളത്. 2016ലും 17ലും തടവുകാരുടെ ജാതി, മതം എന്നിവ സംബന്ധിച്ച വിവരം ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഒഴിവാക്കിയിരുന്നു.
2018ലെ റിപ്പോര്‍ട്ട് അനുസരിച്ച് ശിക്ഷക്കു വിധിച്ച് ജയിലില്‍ കഴിയുന്നവരും, വിചാരണ തടവുകാരുമുള്‍പ്പെടെ 33.49 ശതമാനം പേര്‍ ഒ.ബി.സി വിഭാഗക്കാരാണ്. 20.68 ശതമാനം പട്ടിക ജാതിക്കാരും 11.56 ശതമാനം പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ടവരും 18.81 ശതമാനം പേര്‍ മുസ്‌ലിംകളുമാണ്. 4.66 ലക്ഷം തടവുകാരില്‍ ഹിന്ദു തടവുകാര്‍ 3.12 ലക്ഷം പേരും (വിചാരണ തടവുകാര്‍ 211335) മുസ്‌ലിം തടവുകാര്‍ 87,673 പേരുമാണ് (വിചാരണ തടവുകാര്‍ 63626). 16,989 പേര്‍ സിക്കുകാരും (വിചാരണ തടവുകാര്‍ 10413) 13,886 പേര്‍ ക്രിസ്ത്യാനികളുമാണ് (വിചാരണ തടവുകാര്‍ 9193) മറ്റുള്ളവര്‍ 5028 പേരുമാണ് (വിചാരണ തടവുകാര്‍ 2072). പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ ജയിലുകള്‍ തടവുകാരെ കൊണ്ട് കുത്തി നിറക്കപ്പെട്ടതും മോശം അവസ്ഥയിലുമാണ്. 2017ല്‍ 4.5 ലക്ഷം തടവുകാര്‍ (115.1ശതമാനം) ഉണ്ടായിരുന്ന സ്ഥാനത്ത് 2018ല്‍ ഇത് 117.6 ശതമാനമായി (4.66 ലക്ഷം തടവുകാര്‍) അന്തേവാസികളുടെ എണ്ണം വര്‍ധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2016ല്‍ ഇത് 4.33 ലക്ഷം (113.7 ശതമാനം), 2015ല്‍ 4.19 ലക്ഷം (114.4 ശതമാനം) എന്നിങ്ങനെയായിരുന്നു.
2018 അവസാനത്തോടെ ഇന്ത്യന്‍ ജയിലുകളിലെ പരമാവധി ശേഷി 3.96 ലക്ഷമാണ്. തടവുകാരുടെ ജാതി തിരിച്ചുള്ള കണക്കനുസരിച്ച് 1.56 ലക്ഷം തടവുകാര്‍ ഒ.ബി.സി വിഭാഗക്കാരാണ്. 96,420 പേര്‍ ദളിതരും, 53,916 പേര്‍ ആദിവാസികളുമാണ്. ആകെ തടവുകാരില്‍ 66.51 ശതമാനം പേര്‍ (1.33 ലക്ഷം) നിരക്ഷരരാണ്.
1.76 ലക്ഷം പേര്‍ പത്താം തരം വരെ പഠിച്ചവരാണെന്നും സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു. പട്ടിക ജാതി തടവുകാരുടെ കാര്യത്തിലും യു.പിയാണ് ഒന്നാം സ്ഥാനത്ത് 24,489 എസ്.സി തടവുകാരാണ് യു.പിയിലുള്ളത്. 25.39 ശതമാനം പേര്‍ (8935 പേര്‍),മധ്യപ്രദേശിലും 2,803 പേര്‍ കര്‍ണാടകയിലുമാണ് തടവില്‍ കഴിയുന്നത്.
ആദിവാസി തടവുകാരില്‍ 15,500 പേര്‍ മധ്യപ്രദേശിലും 6890 പേര്‍ ചത്തീസ്ഗഡ് ജയിലുകളിലും 1254 പേര്‍ കര്‍ണാടക ജയിലുകളിലും കഴിയുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

SHARE