സ്ത്രീവിദ്യാഭ്യാസത്തില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ മുന്നേറ്റം നിസ്തുലം: ഡോ.ശശി തരൂര്‍

മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ യുവതീസംഗമം

കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തിന്റെ ആധാരശില വിദ്യാഭ്യാസമായിരിക്കെ ആ മേഖലയില്‍ മുന്‍മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ നേടിയ തുല്യതയില്ലാത്ത റെക്കോര്‍ഡാണെന്ന്് ഡോ.ശശി തരൂര്‍ എംപി. മുസ്്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംഘാടനത്തിലൂടെ ശാക്തീകരണം എന്ന വിഷയത്തിലുളള യുവതീസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗ്യതയുള്ള യുവതികളാണ് സ്ത്രീ മുന്നേറ്റത്തിന് കരുത്തുപകരുക. ജനാധിപത്യത്തില്‍ സ്ത്രീകളെ മുന്നോട്ടുകൊണ്ടുവരുന്നതിന് പാര്‍ലമെന്റില്‍ സ്ത്രീ സംവരണം അനിവാര്യമായിരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ പാര്‍ലമെന്റില്‍ അത് പാസാക്കാനായില്ല. ലോകത്തെ ആദ്യത്തെ വനിതാ അഭിഭാഷകയും ഡോക്ടറും രണ്ടാമത്തെ പ്രധാനമന്ത്രിയുമൊക്കെ ഇന്ത്യന്‍ സ്ത്രീകളില്‍ നിന്നാണുയര്‍ന്നുവന്നത്. സ്ത്രീശാക്തീകരണത്തിന് വിദ്യാഭ്യാസ അവസരങ്ങള്‍ കൂടുതല്‍ ഉറപ്പുവരുത്തണം. ശൈശവ വിവാഹങ്ങള്‍ നിയന്ത്രിക്കണം. വിവാഹജീവിതത്തിലെ ബലാല്‍ക്കാരങ്ങള്‍ നിയമത്തിലൂടെ തടയണം. ശബരിമലയിലുള്‍പെടെ സ്ത്രീ സാന്നിധ്യമുണ്ടാവണം.സമൂഹത്തിന്റെ മനസ്ഥിതിയിലുണ്ടാകേണ്ട മാറ്റമാണ് സ്ത്രീ ശാക്തീകരണത്തിന് അനിവാര്യമെന്നും ശശി തരൂര്‍ പറഞ്ഞു.

CK 6-28മുസ്്‌ലിംയൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് സാജിദ് നടുവണ്ണൂര്‍ അധ്യക്ഷനായി. ഫാസിസവും പ്രതിരോധവും എന്ന വിഷയത്തില്‍ ഡോ.എംകെ മുനീര്‍ എംഎല്‍എ, ബഹുസ്വരഇന്ത്യയുടെ വീണ്ടെടുപ്പ് വിഷയത്തില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സ്ത്രീശാക്തീകരണം എന്ന വിഷയത്തില്‍ ഡോ.ഷീന ഷുക്കൂര്‍, ഇന്ത്യന്‍ ജനാധിപത്യത്തിലെ സ്ത്രീസാന്നിധ്യം വിഷയത്തില്‍ അഡ്വ.നൂര്‍ബിന റഷീദ്, ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ അപചയം വിഷയത്തില്‍ കെഎം ഷാജി എംഎല്‍എ, മുസ്ലിംലീഗ് ദര്‍ശനവും ദൗത്യവും വിഷയത്തില്‍ പികെ ഫിറോസ്, കാമ്പസ് വര്‍ത്തമാനം വിഷയത്തില്‍ അഡ്വ.ഫാത്തിമ തഹലിയ തുടങ്ങിയവര്‍ സംസാരിച്ചു.

ഉമ്മര്‍ പാണ്ടികശാല, എന്‍സി അബൂബക്കര്‍, നജീബ് കാന്തപുരം, മിസ്്ഹബ് കീഴരിയൂര്‍, ആഷിഖ് ചെലവൂര്‍, പിജി മുഹമ്മദ്, വിവി മുഹമ്മദലി, പി കുല്‍സു ടീച്ചര്‍, ഷറഫുന്നീസ, നജ്മ തബ്ഷിറ, എംഎ റസാഖ് മാസ്റ്റര്‍, അലി പള്ളിയത്ത് സംസാരിച്ചു. കെകെ നവാസ് സ്വാഗതവും ഷംന വികെ നന്ദിയും പറഞ്ഞു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിഥുന, ഫാറൂഖ് കോളജ് ചെയര്‍പേഴ്‌സണ്‍ മിനഫര്‍സാന തുടങ്ങിയവരെ ശശി തരൂര്‍ അനുമോദിച്ചു.