കോവിഡ്19; ദുരന്തമുഖത്ത് കരുത്താര്‍ന്ന സേവനവുമായി വൈറ്റ്ഗാര്‍ഡ്


കോവിഡ് മഹാമാരി പിടിമുറുക്കിക്കൊണ്ടിരിക്കുന്നതിനിടെ സേവന വഴിയില്‍ മാതൃകയായി മുസ്‌ലിം യൂത്ത്‌ലീഗിന്റെ സന്നദ്ധ വിഭാഗമായ വൈറ്റ്ഗാര്‍ഡ്. കോവിഡിനെ തുടര്‍ന്ന് നഗരങ്ങളില്‍ മുതല്‍ നാടിന്റെ മുക്കുമൂലകളില്‍വരെ ജനങ്ങള്‍ക്കുണ്ടായ വിവിധ തരത്തിലുള്ള പ്രയാസങ്ങള്‍ക്ക് ദുരീകരണം നല്‍കുന്നതില്‍ വൈറ്റ്ഗാര്‍ഡ് വഹിച്ച പങ്ക് അനല്‍പമാണ്. ജനങ്ങളുടെ ആവശ്യത്തിന്റെ ആഴമറിഞ്ഞുള്ള പ്രവര്‍ത്തനങ്ങളാണ് വൈറ്റ്ഗാര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ഇടങ്ങളിലെല്ലാം കോവിഡുമായി ബന്ധപ്പെട്ട സേവനങ്ങളില്‍ വൈറ്റ്ഗാര്‍ഡിന്റെ ഒഴിച്ചുകൂടാനാവാത്ത പങ്കുണ്ട്.

ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനില്‍ പങ്കെടുത്തായിരുന്നു കോവിഡ് കാലത്തെ വൈറ്റ്ഗാര്‍ഡ് പ്രവര്‍ത്തനങ്ങളുടെ തുടക്കം. കൃത്യമായ ഏകോപനത്തോടെയാണ് വൈറ്റ്ഗാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയത്. നാടുകളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയും രോഗികള്‍ക്ക് മരുന്നെത്തിച്ചു നല്‍കിയുമെല്ലാം ആശ്വാസമായി.

കോവിഡ് പിടിമുറുക്കിയ ആദ്യ ഘട്ടത്തില്‍ തന്നെ അതിന്റെ പ്രസരണം തടയുന്നതിനായുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരങ്ങളിലും കവലകളിലുമെല്ലാം സാനിറ്റൈസര്‍, വാഷ്‌ബേയ്‌സിന്‍ കൗണ്ടറുകള്‍ സ്ഥാപിച്ചു. ഇതുപ്രകാരം നിശ്ചിത പ്രദേശത്ത് ഒരുമിച്ചുകൂടിയവര്‍ക്കെല്ലാം കൈ കഴുകി സുരക്ഷിതരാവാന്‍ സാധ്യമായി. അതുപോലെ വിവിധ ഷോപ്പുകളിലും ധനകാര്യ സ്ഥാപനങ്ങളിലും മറ്റുമെല്ലാം സാനിറ്റൈസര്‍ അടക്കമുള്ളവ സൗജന്യമായി നല്‍കി. സാനിറ്റൈസര്‍ കടകളില്‍ ലഭ്യമല്ലാത്ത വിധം വിറ്റുപോയ ആ നേരത്ത് വിദഗ്ധരെ ഉപയോഗിച്ച് സാനിറ്റൈസര്‍ നിര്‍മിച്ചു നല്‍കാനും വൈറ്റ്ഗാര്‍ഡിനായി.

ജനതാ കര്‍ഫ്യൂ ദിനത്തില്‍ കുടുങ്ങിപ്പോയവര്‍ക്ക് ഭക്ഷണം, മരുന്നുകള്‍ തുടങ്ങി അവശ്യ വസ്തുക്കള്‍ എത്തിച്ചുനല്‍കുന്നതിലും വൈറ്റ്ഗാര്‍ഡ് മുന്നോട്ടുവന്നു. തെരുവുകളില്‍ കഴിയുന്നവര്‍, അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്കെല്ലാം സഹായസഹകരണങ്ങള്‍ നല്‍കി. മലപ്പുറത്ത് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തന്നെ നേരിട്ട് ജനങ്ങളിലേക്കിറങ്ങി പ്രയാസങ്ങള്‍ മനസ്സിലാക്കി വേണ്ട നടപടിക്രമങ്ങള്‍ ചെയ്തു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷവും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഓരോ യൂണിറ്റുകളിലും ഹോം ഡെലിവറി സിസ്റ്റം നടപ്പാക്കി. അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പ്രയാസപ്പെടുന്ന കുടുംബങ്ങളിലെത്തി അവര്‍ക്കുവേണ്ടതായ ഭക്ഷ്യവിഭവങ്ങള്‍ വാങ്ങി നല്‍കുകയും വീടുകളില്‍ എത്തിച്ചുനല്‍കുകയും ചെയ്തു. ലോക്ക്ഡൗണ്‍ കാലത്തെ അതിഥി തൊഴിലാളികളുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനും വൈറ്റ്ഗാര്‍ഡ് മുന്നിട്ടു നിന്നു.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ക്കു മേലും വൈറ്റ്ഗാര്‍ഡിന്റെ സാന്ത്വനസ്പര്‍ശമുണ്ടായി. അതതു പ്രദേശങ്ങളിലെ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് അവര്‍ക്കുവേണ്ട സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കി. കാസര്‍കോട് ജില്ലയില്‍ കോവിഡ് രോഗികളുടെ ആശങ്കാജനകമായ വര്‍ധനവുണ്ടായതോടെ ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മിക്കുന്നതിനും സജ്ജീകരിക്കുന്നതിനും വൈറ്റ്ഗാര്‍ഡ് മുന്നിട്ടിറങ്ങി.

ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്ന ആളുകളെ ബോധവത്കരിക്കുന്നതിനായി ഓരോ പ്രദേശങ്ങളിലെയും പൊലീസ് സ്റ്റേഷനുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കി.

മുസ്ലിംയൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജന.സെക്രട്ടറി പി.കെ ഫിറോസ്, വൈറ്റ്ഗാര്‍ഡ് കോഓര്‍ഡിനേഷന്‍ ചുമതലയുള്ള വി.വി മുഹമ്മദലി എന്നിവര്‍ ചേര്‍ന്നാണ് വൈറ്റ്ഗാര്‍ഡിന്റെ സംസ്ഥാന വ്യാപകമായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഓരോ പഞ്ചായത്തുകളിലും മുപ്പതുവീതം അംഗങ്ങളുള്ള സേവനസന്നദ്ധ കൂട്ടായ്മയാണ് വൈറ്റ്ഗാര്‍ഡ്.