‘മഴയെത്തും മുമ്പെ നാടും വീടും വൃത്തിയാക്കാം’ മുസ്‌ലിം യൂത്ത് ലീഗ് ത്രീ ഡേ മിഷന്‍ 26, 27, 28 തിയതികളില്‍

മലപ്പുറം: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി മഴക്കാല രോഗങ്ങളും പകര്‍ച്ചവ്യാധികളും തടയുന്നതിനായി സംസ്ഥാന വ്യാപകമായി മൂന്ന് ദിവസത്തെ ശുചീകണ പരിപാടി സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവര്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മഴക്കാലത്തിന് മുന്നോടിയായി ഈമാസം 26,27,28 തിയ്യതികളിലാണ് ശുചീകരണ പ്രവര്‍ത്തികള്‍ സംഘടിപ്പിക്കുന്നത്. ഈ മിഷന്റെ ഭാഗമായി 26ന് വീടും പരിസരവും വൃത്തിയാക്കും. 27ന് പൊതുവിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ബസ്സ് സ്റ്റാന്റുകള്‍, കവലകള്‍, പൊതുകിണറുകള്‍ എന്നിവിടങ്ങളിലാണ് ശുചീകരണം. 28ന് പുഴ, തോട് എന്നിവയും മാലിന്യമുക്തമാക്കും.
മിഷന്‍ പ്രകാരം വെള്ളംകെട്ടി നില്‍ക്കുകയും കൊതുകുകള്‍ വളരാന്‍ സാധ്യതയും ഉള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കും. തുറസ്സായ സ്ഥലങ്ങളിലെ പ്ലാസ്റ്റിക്ക്, ടയറ്, ട്യൂബ്, ചിരട്ട തുടങ്ങിയവ ഒഴിവാക്കുന്നതിന് മുന്‍ഗണനല്‍കും. മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെടുന്ന പൊതുസ്ഥലങ്ങള്‍, പാതയോരങ്ങള്‍ വൃത്തിയാക്കി അവിടങ്ങളില്‍ മരം, ചെടി വെച്ച് പിടിപ്പിച്ച് സൗന്ദര്യവത്കരണം നടത്തും. പൊതുസ്ഥലങ്ങളിലെ പൊന്തകള്‍, കുറ്റിക്കാടുകള്‍ വൃത്തിയാക്കും. മണ്ണില്‍ ലയിച്ച് പോവാത്ത അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരണ കേന്ദ്രങ്ങളില്‍ നല്‍കും. ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കും.
ഓവ്ചാലുകള്‍ വൃത്തിയാക്കും. ഓരോ പ്രദേശത്തെയും പ്രവര്‍ത്തനം മനസ്സിലാക്കുന്നതിനായി (മുമ്പ്/ശേഷം) ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കും. പ്ലാസ്റ്റിക്ക് ഉപയോഗം ഒഴിവാക്കുന്നതിനായി തുണി സഞ്ചി ശീലമാക്കും. ഇതിനായി പഞ്ചായത്ത് കമ്മറ്റികള്‍ തുണി സഞ്ചി തയ്യാറാക്കി വിതരണം ചെയ്യും. മുന്ന് ദിവസത്തെ ശുചീകരണ പരിപാടിയില്‍ മുഴുവന്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങളും കൂടാതെ യൂത്ത് ലീഗിന്റെ മുഴുവന്‍ പ്രവര്‍ത്തകരും സംസ്ഥാന വ്യാപകമായി രംഗത്തിറങ്ങും. കോവിഡ് പശ്ചാത്തലത്തില്‍ നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചും, മതിയായ ആരോഗ്യ സുരക്ഷക്കുള്ള സംവിധാനങ്ങള്‍ ധരിച്ചുമാണ് പ്രവര്‍ത്തകര്‍ ഈ മിഷനില്‍ പങ്കാളികളാവുക. ശുചീകരണ പ്രവര്‍ത്തികളില്‍ പ്രധാനപ്പെട്ട വ്യക്തിത്വങ്ങളെ (എഴുത്തുകാര്‍, അഭിനേതാക്കള്‍. കായിക താരങ്ങള്‍. മാധ്യമ പ്രവര്‍ത്തകര്‍. പരിസ്ഥിതി പ്രവര്‍ത്തകര്‍) കൂടി പങ്കാളികളാക്കും.
സംസ്ഥാന സെക്രട്ടറി മുജീബ് കാടേരിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

SHARE