വിശപ്പടക്കാൻ സസ്പെൻഡഡ് ഫുഡുമായി യൂത്ത് ലീഗ്

കുന്ദമംഗലം: കോവിഡ് കാലത്ത് ദാരിദ്ര്യക്കയത്തിലായവർക്ക് ആശ്വാസമായി സസ്‌പെന്‍ഡഡ് ഫുഡ് പദ്ധതിയുമായി കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ്. ആവശ്യത്തിനും അനാവശ്യത്തിനും ഭക്ഷണത്തിനായി കൂടുതൽ പണം ചിലവഴിക്കുന്നവരുടെ എണ്ണം വര്‍ധിച്ച്‌ വരികയാണിന്ന്. എന്നാൽ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ പട്ടിണി അനുഭവിക്കുന്ന അനേകം പേർ നമ്മുടെ ഇടയിലുണ്ട്. ഇവർക്ക് വേണ്ടിയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.

തെരഞ്ഞടുക്കപ്പെട്ട ഹോട്ടലുകളുമായി സഹകരിച്ച് താൽപര്യമുള്ളവരിൽ നിന്നും ബിൽ തുകക്ക് പുറമെ പണം സമാഹരിച്ച് അത് ഭക്ഷണമായി പാവപ്പെട്ടവർക്ക് തിരിച്ച് നൽകുക എന്നതാണ് സസ്പെൻഡ് ഫുഡ് കൊണ്ട് ഉദ്ദേശിക്കുന്നത്‌. സംഭാവന നൽകുന്നവർ ആരാണന്ന് ഭക്ഷണം കഴിക്കുന്നവരോ, ഭക്ഷണം കഴിക്കുന്നവർ ആരാണെന്ന് പണം മുടക്കുന്നവരോ അറിയാത്ത ഈ കാരുണ്യ പദ്ധതി സമൂഹം ഏറ്റെടുക്കും എന്നാണ് യൂത്ത് ലീഗിന്റെ പ്രതീക്ഷ. ലോഗോ പ്രകാശനം മുസ്ലിം ലീഗ് അഖിലേന്ത്യാ ഒർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി നിർവ്വഹിച്ചു.

SHARE