കോഴിക്കോട്: കേരളം സുരക്ഷിതമാണെന്ന് എപ്പോഴും പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറുടെ ഭീഷണിയ്ക്ക് മുന്നില്‍ മുട്ടുമടക്കിയെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ എം.കെ മുനീര്‍ പറഞ്ഞു. ഗവര്‍ണര്‍ എന്തോകാണിച്ച് പേടിപ്പിച്ചതോടെ കാല്‍ക്കല്‍ചുരുണ്ടുകിടക്കാന്‍ മുഖ്യമന്ത്രി തയാറായെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ വിവേചന നിയമത്തിനെതിരെ മുസ്‌ലിംയൂത്ത്‌ലീഗ് കോഴിക്കോട് ബീച്ചില്‍ ആരംഭിച്ച ഷാഹിന്‍ബാഗ് സ്‌ക്വയര്‍ അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങളെ മുഴുവന്‍ അവഹേളിച്ചതിനാണ് ഗവര്‍ണര്‍ക്കെതിരെ യു.ഡി.എഫ് പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ ഗവര്‍ണറെ ചുവപ്പ് പരവതാനി വിരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചതെന്നും ബി.ജെ.പിയുടെ അമ്മിയുടെ താഴെയാണ് മുഖ്യമന്ത്രിയുടെ വാലെന്നും മുനീര്‍ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്ക് ധൈര്യസമേതം ഇറങ്ങിനടക്കാവുന്ന സുരക്ഷിതസ്ഥലമായി ഡല്‍ഹിയിലെ ഷാഹിന്‍ബാഗ് മാറിയതായി അദ്ദേഹം പറഞ്ഞു. എതിരാളികളുടെ കണ്ണിലെ കരടായിമാറിയ ഈപ്രദേശം ഭരണകൂടത്തിനെതിരെ പുതിയപോര്‍മുഖം തുറന്നിരിക്കുകയാണ്. തലയുയര്‍ത്തിപ്പിടിച്ച് മുകളിലേക്ക് പറക്കാനാണ് യുവാക്കള്‍ സമരമിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നതുവരെ സമരം തുടരും. ഭീകരസംഘനകളാണ് സി.എ.എ പ്രതിഷേധ സമരങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതെന്ന പുതിയ കണ്ടുപിടിത്തമാണ് ബി.ജെ.പി സര്‍ക്കാരും സംഘപരിവാറും ഉന്നയിക്കുന്നത്. അവസാനം വരെ പാര്‍ലിമെന്റില്‍ പോരാടി തന്നില്‍അര്‍പ്പിച്ച ദൗത്യം തെളിയിച്ച വ്യക്തിത്വമാണ് ഇ.അഹമ്മദെന്ന് മുനീര്‍ അനുസ്മരിച്ചു.
ചടങ്ങില്‍ ജെ.എന്‍.യു വിദ്യാര്‍ഥി സമരനേതാവ് ഡോളന്‍ സാമന്തയും ജാമിഅ മില്ലിഅ സമരത്തിന് നേതൃത്വംനല്‍കിയ ഹസന്‍ ഷിഹാബും മുഖ്യപ്രഭാഷണം നടത്തി. യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, യൂത്ത്‌ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ എം.എ സമദ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം സംസാരിച്ചു. ചടങ്ങില്‍ യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കെ.കെ നവാസ് സ്വാഗതവും ട്രഷറര്‍ പി.പി റഷീദ് നന്ദിയും പറഞ്ഞു.
യൂത്ത്‌ലീഗ് സംസ്ഥാന ഭാരവാഹികളായ ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, പി.കെ സുബൈര്‍, പി.എ അബ്ദുള്‍ കരീം, പി.എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിക്ക് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷറഫ്, പി.പി അന്‍വര്‍ സാദത്ത്, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, മുന്‍ പി.സ്.സി അംഗം ടി.ടി ഇസ്മായില്‍, മുസ്‌ലിംലീഗ് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.സി അബൂബക്കര്‍, വൈസ് പ്രസിഡന്റ് കെ.മൊയ്തീന്‍കോയ സംബന്ധിച്ചു.