കുരുതിക്കളമായി യു.പി; ഇരകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് ലീഗ്

മീററ്റ്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിക്ഷേധത്തില്‍ ഉത്തര്‍ പ്രദേശ് പൊലീസ് ആറു പേരെ വെടിവച്ച് കൊലപ്പെടുത്തിയ മീററ്റില്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രതിനിധി സംഘം. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി. കെ സുബൈര്‍, എം.സ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്‌റഫലി, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ: വി.കെ ഫൈസല്‍ ബാബു, സെക്രട്ടറി സജജാദ് ഹുസൈന്‍ അക്തര്‍, എക്‌സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍ എന്നിവരടങ്ങുന്ന വസ്തുതാന്വേഷണ സംഘമാണ് മീററ്റിലെത്തിയത്.

കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച നേതാക്കള്‍ ബന്ധുക്കളെ നേരില്‍ കണ്ടു.


ഡിസംബര്‍ 20 നാണ് മീററ്റില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിക്ഷേധിച്ചവരെ പോലീസ് വെടി വച്ച് കൊന്നത്. മീററ്റിലെ ഗുല്‍സാര്‍ ഇബ്രാഹിം റോഡില്‍ കൊല്ലപ്പെട്ട മുഹമ്മദ് മുഹ്‌സിന്റ (28) വീട്ടിലാണ് നേതാക്കള്‍ ആദ്യമെത്തിയത്. മൂന്ന് വയസും ആറ് മാസവും പ്രായമുള്ള രണ്ട് ആണ്‍കുട്ടികളാണ് അനാഥരായതെന്ന് നാട്ടുകാര്‍ പറഞ്ഞു. സാധാരണ തൊഴിലാളിയായ മുഹ്‌സിന്‍ ജോലി കഴിഞ്ഞ് മടങ്ങും വഴിയാണ് കൊല്ലപ്പെട്ടത്. ഷുക്കൂര്‍ നഗറിലെ സാഹിറുദ്ദീനും (45) പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നില്ല. ഫിറോസ് നഗറിലെ ആസിഫ് അഹമ്മദിന്റെ വീട്ടില്‍ ഹൃദയ ഭേദകമായ കാഴ്ചക്കാണ് നേതാക്കള്‍ സാക്ഷിയായത്.

ആസിഫിന്റെ വിധവ ഇമ്രാനയും പറക്കമുറ്റാത്ത മൂന്ന് മക്കള്‍ ആറ് വയസുകാരി സോനം, മൂന്ന് വയസുകാരി മിസ് ബ, രണ്ട് വയസുകാരി മുഹമ്മദ് അലി എന്നിവര്‍ ആ വാടക വീട്ടില്‍ ഇനി മുതല്‍ തീര്‍ത്തും അനാഥരാണ്. ഫിറോസ് നഗറിലെ തന്റെ വീടിനടുത്തുള്ള കടയില്‍ നില്‍ക്കുകയായിരുന്ന ആസിഫിന് തലയിലാണ് വെടിയേറ്റത്. പ്രക്ഷോഭം നടന്ന ഹാപൂര്‍ റോഡില്‍ നിന്നും വളരെ ദൂരെയുള്ള ഫിറോസ് നഗറിലേക്ക് ഒരു പ്രകോപനവുമില്ലാതെ പൊലീസ് കടന്നു വന്ന് ആസിഫിനെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. സ്വന്തം വീടിന്റെ വിളിപ്പാടകലെ പിതാവ് കൊല്ലപ്പെട്ടതിന്റെ ഞെട്ടലില്‍ നിന്ന് കുരുന്ന് മക്കള്‍ മോചിതരായിട്ടില്ല.


ഫക്രുദീന്‍ അലി അഹമ്മദ് നഗറില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഇരുപത് വയസുകാരന്‍ ആസിഫ് റിക്ഷാ തൊഴിലാളിയാണ്. റിക്ഷാ ഓടിച്ചു വരും വഴിയാണ് അവര്‍ നെഞ്ചില്‍ വെടിവച്ച് കൊന്നത്. ഇതേ തെരുവിലെ അലീം അന്‍സാരി (24) റൊട്ടി ഉണ്ടാക്കി വില്‍ക്കുന്ന തൊഴിലാളിയാണ്. പ്രക്ഷോഭത്തില്‍ അലീമും പങ്കെടുത്തിരുന്നില്ല. അലീമിന്റെ പിതാവ് 86 വയസകാരനായ ഹബീബ് അഹ്മദ് നേതാക്കള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു.


പൗരത്വ നിയമത്തിനെതിരായ പ്രതിക്ഷേധത്തെ അടിച്ചമര്‍ത്താന്‍ എല്ലാ സീമകളും ലംഘിക്കുന്ന നരനായാട്ടാണ് യു പി യില്‍ പോലീസ് നടത്തിയത്. ഗാസിയാബാദ്, ബിജനോര്‍, രാംപൂര്‍, സംഭല്‍, കാണ്‍പൂര്‍, ലക്‌നോ എന്നീ പ്രധാന പട്ടണങ്ങളിലൊക്കെ ആളുകളെ വെടിവച്ച് കൊന്നിട്ടുണ്ട്. പ്രധാന നഗരങ്ങളിലൊക്കെ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും തുടരുകയാണ്. വാര്‍ത്തകള്‍ പുറം ലോകത്തെത്താതിരിക്കാനും യോഗി സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. ഇതു വരെ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഗവര്‍മെണ്ടിന്റെ കൃത്യമായ നിര്‍ദ്ദേശപ്രകാരം നടന്ന കൂട്ടക്കൊലയാണിതെന്ന് വ്യക്തമാണ്.


പരിക്കേറ്റ് നിരവധി പേര്‍ ചികിത്സയിലുണ്ട്. പൊലീസ് തന്നെ വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അയ്യായിരത്തോളം പേര്‍ക്കതിരെ കേസെടുത്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിനു കള്ളക്കേസ് എടുത്ത് പോലീസ് അതിക്രമം തുടരുകയാണ്. സ്വത്ത് കണ്ട് കെട്ടാനും നീക്കം നടക്കുന്നു. പൗരത്വ കരി നിയമത്തിനെതിരായ ജനകീയ സമരത്തെ ചോരയില്‍ മുക്കിക്കൊലാന്‍ വേണ്ടി യു.പി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് പുറം ലോകത്തോട് വിളിച്ചു പറയുമെന്ന് സി .കെ സുബൈര്‍ പറഞ്ഞു. നേരില്‍ കണ്ട കാര്യങ്ങള്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് വഴി മുസ്്‌ലിം ലീഗ് നേതൃത്വത്തെ അറിയിക്കും. പാര്‍ലമെന്റിലും വിഷയം അവതരിപ്പിക്കും.


ഇതുവരെ പരാതികള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടില്ല എന്ന് മീററ്റിലെ മുസ്്‌ലിം ലീഗ് നേതാക്കള്‍ പറഞ്ഞു. നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കാനും നീതി ലഭിക്കാനും നിയമപോരാട്ടത്തിന് തുടക്കം കുറിക്കാനും മുസ്‌ലിം ലീഗ് നേതാക്കളായ അഭിഭാഷകരുടെ നിയമ സഹായ സമിതിക്ക് രൂപംകൊടുത്തിട്ടുണ്ട്. മുസ്്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ: ഇക്ബാല്‍ അഹമ്മദ് ,യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് സുബൈര്‍,മീററ്റ് പ്രസിഡണ്ട് ഇദ്രീസ് അഹമ്മദ്, ജനറല്‍ സെക്രട്ടറി യൂസഫ് മുഹമ്മദ്, രിസ് വാന്‍ അന്‍സാരി, ഹാഫിസ് മുഹമ്മദ്, അഡ്വ: ഉവൈസ്, അഡ്വ: ഡാനിഷ് എന്നിവരുടെ നേതൃത്വത്തില്‍ നിരവധി മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് പ്രവര്‍ത്തകര്‍ നേതാക്കളെ അനുഗമിച്ചു.

SHARE