എസ്.എഫ്.ഐ ക്രിമിനലുകള്‍ റാങ്ക് പട്ടികയില്‍; മുസ്്‌ലിം യൂത്ത്‌ലീഗ് കലക്‌ട്രേറ്റ് മാര്‍ച്ച് 20ന്

അന്വേഷണം വേണമെന്ന് പി.കെ ഫിറോസ്

കോഴിക്കോട്: പി.എസ്.സി നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ എസ്.എഫ്.ഐ ക്രിമിനലുകള്‍ ഇടം നേടിയതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തും രണ്ടാം റാങ്കുകാരനായ പ്രണവും ഇരുപത്തിയെട്ടാം റാങ്കുകാരനായ നസീമും എസ്.എഫ്.ഐ നേതാക്കളും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥികളും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളുമാണ്.
കാസര്‍കോട് ബറ്റാലിയന്‍ തെരഞ്ഞെടുത്തവര്‍ക്ക് എങ്ങനെ തിരുവനന്തപുരത്ത് പരീക്ഷ സെന്റര്‍ അനുവദിച്ചു എന്നതിനെ കുറിച്ചും അന്വേഷിക്കണം. യൂണിവേഴ്‌സിറ്റി കോളജില്‍ അഡ്മിഷന്‍ ലഭിച്ചത് കൊണ്ട് ഇവര്‍ മെരിറ്റുള്ള വിദ്യാര്‍ത്ഥികള്‍ ആണ് എന്ന വാദം ശരിയല്ല. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത് സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് യൂണിവേഴ്‌സിറ്റി കോളജില്‍ അഡ്മിഷന്‍ നേടിയത് എന്ന് വ്യക്തമായിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നാണ് ഫിസിക്കല്‍ എഡ്യുക്കേഷന്റെ സീല്‍ പിടിച്ചെടുത്തത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയാണോ ഇവര്‍ അഡ്മിഷന്‍ നേടിയത് എന്ന് സംശയമുണ്ട്. ഇതേകുറിച്ചും അന്വേഷിക്കണം. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന വ്യാപകമായി 20ന് ശനിയാഴ്ച കലക്‌ട്രേറ്റുകളിലേക്ക് മാര്‍ച്ച് നടത്തും. യൂണിവേഴ്‌സിറ്റി കോളജ് ഉള്‍പ്പെടെയുള്ള പല കോളജുകളിലും എസ്.എഫ്.ഐക്ക് വേണ്ടി ഗുണ്ടാപണിയെടുക്കാന്‍ വരുന്നവര്‍ അഡ്മിഷന്‍ നേടുന്നത് സ്‌പോര്‍ട്‌സ് ക്വോട്ടയിലും സ്‌പോട്ട് അഡ്മിഷനിലുമാണെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തണം.
മന്ത്രി കെ.ടി ജലീലിന് എതിരായ ബന്ധുനിയമന കേസ് ഹൈക്കോടതി തള്ളിയെന്നും ആരോപണം ശരിയല്ലെന്നു തെളിഞ്ഞെന്നുമുള്ള സി.പി.എം സൈബര്‍ പോരാളികളുടെ പ്രചാരണം വാസ്തവ വിരുദ്ധമാണ്. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന അഴിമതിനിരോധന നിയമത്തിലെ പുതിയ വ്യവസ്ഥയുടെ മറപിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. വിജിലന്‍സിന് അന്വേഷണ അനുമതി ലഭിക്കാത്തത് ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിച്ചപ്പോള്‍, മന്ത്രിസഭയുടെ അനുമതിയില്ലാതെ മന്ത്രിക്ക് എതിരെ കേസ്സെടുത്ത് അന്വേഷണം നടത്താനാവില്ലെന്നാണ് പുതിയ ഭേദഗതി ഹൈക്കോടതി ചൂണ്ടിക്കാണിക്കുകയായിരുന്നു. അതുകൊണ്ടാണ് ഹര്‍ജി തല്‍ക്കാലം പിന്‍വലിച്ച് മുഖ്യമന്ത്രിക്കും ഗവര്‍ണ്ണര്‍ക്കും അന്വേഷണം ആവശ്യപ്പെട്ട് കത്തുനല്‍കിയത്. ഇതില്‍ പ്രതികൂല മറുപടി ലഭിച്ചാല്‍ വീണ്ടും കോടതിയെ സമീപിക്കുമെന്നും ഫിറോസ് വ്യക്തമാക്കി. സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മായിലും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.