മന്ത്രി ജലീലിന്റെ പുതിയ വാദവും പൊളിയുന്നു; തെളിവുകളുമായി മുസ്‌ലിം യൂത്ത് ലീഗ്

കോഴിക്കോട്: ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ പുതിയ വാദവും പൊളിച്ച് മുസ്ലിം യൂത്ത് ലീഗ്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് ഡെപ്യൂട്ടേഷന്‍ അനുവാദമെല്ലന്നതിന് കൂടുതല്‍ തെളിവുകളുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് രംഗത്തെത്തി.

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് ഡെപ്യൂട്ടേഷന്‍ പറ്റില്ലെന്നും അത് റൂള്‍ നയണ്‍ ബിയില്‍ പെടിലെന്നുമുള്ള വകുപ്പ് ഉദ്യോഗസ്ഥയുടെ ഉത്തരവ് ഫിറോസ് പുറത്തുവിട്ടു. യൂത്ത് ലീഗ് യുവജനയാത്രക്കിടെ ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി കെ.ടി ജലീലിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടുപ്രതിയാണെന്നും തെളിവുകള്‍ പൂര്‍ണമായും ലഭിച്ച സാഹചര്യത്തില്‍ വൈകാതെ കോടതിയെ സമീപിക്കുമെന്നും ഫിറോസ് പറഞ്ഞു.

റൂള്‍ നയണ്‍ ബിയില്‍ പെടില്ലെന്ന കാര്യം മറച്ചുവെച്ച് പുതിയ ഉത്തരവ് ഇറക്കാന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു. വകുപ്പ് ഉദ്യോഗസ്ഥയുടെ ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവ് ഇറക്കാന്‍ മന്ത്രി നിര്‍ദേശച്ചതിനുള്ള തെളിവും ഫിറോസ് പുറത്തുവിട്ടു. പൊതു ഭരണ വകുപ്പ് എഎസ്ഒ മിനി ആണ് എതിര്‍പ്പ് അറിയിച്ചു കുറിപ്പെഴുതിയത്.ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്കായിരുന്നു കെ.ടി അദീബിന്റെ നിയമനമെന്നാണ് മന്ത്രി പറഞ്ഞിരുന്നത്.

നേരത്തെ മന്ത്രി ബന്ധു കെ.ടി അദീപിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതുമായി ബന്ധപ്പെട്ട് മന്ത്രിയും മുഖ്യമന്ത്രിയും വിരുദ്ധാഭിപ്രായങ്ങളുമായി രംഗത്തെത്തിയതും ഫിറോസ് പൊളിച്ചിരുന്നു. കെ.ടി അദീബിന്റെ നിയമനത്തില്‍ ചട്ടം ലംഘിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് വിരുദ്ധമായിരുന്നു മന്ത്രി കെ.ടി ജലീലിന്റെ മറുപടി. വിദഗ്ധ സമിതിയുടെ ശുപാര്‍ശ വേണമെന്ന ചട്ടം പാലിക്കാതെയാണ് നിയമനം എന്ന് മന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍, നിലവിലുള്ള കീഴ്വഴക്കങ്ങള്‍ പാലിച്ചാണ് അദീബിനെ നിയമിച്ചതെന്ന് മുഖ്യമന്ത്രിയും വാദിക്കുന്നു. കെ.ടി ജലീലിന്റെ വാക്കു വിശ്വസിച്ചാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. എന്നാല്‍ രേഖകള്‍ പ്രകാരമുള്ള മറുപടിയില്‍ ജലീലിന് സത്യം മറച്ചുവെക്കാനായില്ല.

പൊതുമേഖല സ്ഥാപനത്തിലെ ഉന്നത തല നിയമനത്തിന് ദേശീയ അംഗീകാരമുള്ള വിദഗ്ധ സമിതിയുടെ ശുപാര്‍ശ ആവശ്യമാണോയെന്ന ചോദ്യത്തിന് ആവശ്യമാണെന്നാണ് കെ.ടി ജലീല്‍ നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടി. അങ്ങനെയെങ്കില്‍ കെ ടി അദീബിന്റെ നിയമനത്തില്‍ പ്രസ്തുത ചട്ടം പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നും മറുപടി നല്‍കി. നിയമനത്തില്‍ ചട്ടങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദത്തെ മന്ത്രിയുടെ മറുപടി ഇതോടെ തള്ളിക്കളഞ്ഞു.

സഭയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി ഒരാഴ്ച പിന്നിടുമ്പോഴാണ് സമാന വിഷയത്തില്‍ മന്ത്രി മറുപടി നല്‍കിയത് എന്നതും ശ്രദ്ധേയമാണ്. എം.ഡി നിയമനത്തിനുള്ള യോഗ്യതയില്‍ ഭേദഗതി വരുത്തിയ സര്‍ക്കുലര്‍ 2016 ഓഗസ്റ്റ് 29നാണ് കോഴിക്കോട്ടെ ഓഫീസില്‍ കിട്ടിയതെന്നാണ് ന്യൂനപക്ഷ വികസ ധനകാര്യ കോര്‍പ്പറേഷന്‍ വ്യക്തമാക്കിയത്. എന്നാല്‍ പുതുക്കിയ വിദ്യാഭ്യാസ യോഗ്യത ചേര്‍ത്ത് 2016 ഓഗസ്റ്റ് 25നാണ് കോര്‍പ്പറേഷന്‍ നോട്ടിഫിക്കേഷന്‍ ഇറക്കിയത്. സര്‍ക്കുലര്‍ കിട്ടുന്നതിന് നാല് ദിവസം മുന്‍പ് പുതുക്കിയ വിദ്യാഭ്യസ യോഗ്യത ചേര്‍ത്തുള്ള നോട്ടിഫിക്കേഷന്‍ എങ്ങനെ ഇറങ്ങിയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വരുത്താന്‍ സാധിച്ചിട്ടില്ല

ജലീലിനെതിരെ ബന്ധു നിയമന ആരോപണവുമായി രംഗത്തെത്തിയത് യൂത്ത് ലീഗായിരുന്നു. ജലീലിന്റെ ബന്ധു അദീബിന് യോഗ്യതയില്ലെന്നും ബന്ധുവിനായി നടപടിക്രമങ്ങളില്‍ കെ.ടി ജലീല്‍ അഴിമതി കാണിച്ചെന്നുമാണ് യൂത്ത് ലീഗ് തെളിവുകളോടെ പുറത്തുവിട്ടത്.