ചരിത്രത്തിലേക്ക് റഫിയ അര്‍ഷദ്; ബ്രിട്ടനില്‍ ഹിജാബിട്ട ആദ്യ മുസ്‌ലിം വനിതാ ജഡ്ജ്

ലണ്ടന്‍: ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായി ഹിജാബിട്ട മുസ്‌ലിം വനിത ന്യായാധിപ പദവിയില്‍. റഫിയ അര്‍ഷദ് എന്ന യോര്‍ക്‌ഷെയര്‍ സ്വദേശിനിയാണ് ജഡ്ജായി ചുമതലയേറ്റ് യൂറോപ്പില്‍ ചരിത്രം സൃഷ്ടിച്ചത്. മിഡ്‌ലാന്‍ഡ്സ് സര്‍ക്യൂട്ടിലെ ഡപ്യൂട്ടി ഡിസ്ട്രിക് ജഡ്ജായി കഴിഞ്ഞയാഴ്ചയാണ് ഇവര്‍ നിയമിതയായത്.

ലോകത്തിന്റെ വൈവിധ്യത്തെ ഉറപ്പുവരുത്താനാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന് പുതിയ നിയോഗ ശേഷം അവര്‍ ബ്രിട്ടീഷ് മാദ്ധ്യമമായ മെട്രോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 17 വര്‍ഷത്തെ അഭിഭാഷക ജീവിതത്തിന് ശേഷമാണ് ഈ നാല്‍പ്പതുകാരിയെ ന്യായാധിപ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്.

‘ഇത് എന്നേക്കാള്‍ വലിയ നേട്ടമാണ് എന്നെനിക്കറിയാം. ഇത് എല്ലാ സ്ത്രീകള്‍ക്കും പ്രധാനപ്പെട്ടതാണ്. മുസ്‌ലിം സ്ത്രീകള്‍ക്ക് വിശേഷിച്ചും. ഇപ്പോള്‍ ഞാന്‍ ആഹ്ലാദവതിയാണ്. ഹിജാബിട്ട് ഒരു ബാരിസ്റ്റര്‍ പോലും ആകില്ല എന്നാണ് പലരും കരുതിയിരുന്നത്. ഒരുപാട് ആളുകളില്‍ നിന്ന് ഇപ്പോള്‍ ഇ-മെയില്‍ വഴി അഭിനന്ദനങ്ങള്‍ ലഭിക്കുന്നു’ – റഫിയ പറഞ്ഞു.

ഹിജാബ് ധരിച്ചതിന്റെ പേരില്‍ പഠന-തൊഴില്‍ ജീവിതത്തില്‍ വിവേചനങ്ങള്‍ ഏല്‍ക്കേണ്ടി വന്നയാള്‍ കൂടിയാണ് റഫിയ. 2001ല്‍ ഇന്‍സ് ഓഫ് കോര്‍ട്ട് സ്‌കൂള്‍ ഓഫ് ലോയിലെ സ്‌കോളര്‍ഷിപ്പ് ഇന്റര്‍വ്യൂവിനു മുമ്പ് ഇവര്‍ക്കു മേല്‍ ഹിജാബ് അഴിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ റഫിയ അതിനു തയ്യാറായില്ല. അതേക്കുറിച്ച് അവര്‍ പറയുന്നതിങ്ങനെ;

‘ഹിജാബ് ധരിച്ചു തന്നെ പോകാന്‍ തീരുമാനിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തിയെ എങ്ങനെ സ്വീകരിക്കുന്നു എന്നതായിരുന്നു പ്രധാനം. ഞാന്‍ ജോലി തുടരാനായി മറ്റൊരു വ്യക്തിയാകുന്നത് ഇഷ്ടമായിരുന്നില്ല. ഹിജാബിട്ടു പോയി തന്നെ ഇന്റര്‍വ്യൂ ജയിച്ചു. സ്‌കോളര്‍ഷിപ്പ് കിട്ടുകയും ചെയ്തു. എന്റെ കരിയറിലെ ഏറ്റവും മികച്ച കാല്‍വയ്പ്പ് അതാണെന്നു കരുതുന്നു. അത് ഉറച്ച തീരുമാനമായിരുന്നു’ – അവര്‍ കൂട്ടിച്ചേര്‍ത്തു.

റഫിയയുടെ നിയോഗത്തില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് ദ ജോയിന്റ് ഹെഡ്‌സ് ഓഫ് സെന്റ് മേരീസ് ഫാമിലി ലോ ചേംബേഴ്‌സ് പ്രതികരിച്ചു. അവര്‍ ഏറ്റവും നന്നായി അതര്‍ഹിക്കുന്നുണ്ടെന്നും ചേംബേഴ്‌സ് കൂട്ടിച്ചേര്‍ത്തു.