പരക്കെ ആക്രമം; ഭീതിയോടെ ലങ്കന്‍ മുസ്‌ലിംകള്‍

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ 250ലേറെ പേര്‍ കൊല്ലപ്പെട്ട ചാവേറാക്രമണങ്ങള്‍ക്കുശേഷം ശ്രീലങ്കയിലെ മുസ്്‌ലിംകള്‍ ആശങ്കയില്‍. പല നഗരങ്ങളിലും മുസ്്‌ലിം വീടുകള്‍ക്കും അവരുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ അക്രമങ്ങളാണ് നടക്കുന്നത്. പ്രത്യേകിച്ചും നെഗോംബോ നഗരത്തില്‍ മുസ്്‌ലിംകള്‍ക്കുനേരെ വ്യാപക അക്രമങ്ങളുണ്ടായി.

ദുബായില്‍ ജോലി ചെയ്യുന്ന ശ്രീലങ്കന്‍ പൗരന്‍ മുഹമ്മദ് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. ഞായറാഴ്ച രാത്രി നെഗോംബോയിലുള്ള തന്റെ വീടിന് നേരെ ആക്രണമുണ്ടായതായി അദ്ദേഹം പറയുന്നു. വീട്ടില്‍ മുഹമ്മദിന്റെ ഭാര്യയും മക്കളും ഒറ്റക്കാണ് കഴിയുന്നത്. ‘രാത്രി ഭാര്യ എന്നെ ഫോണില്‍ വിളിച്ചു. അവള്‍ കരയുന്നുണ്ടായിരുന്നു. ഏത് നിമിഷവും തങ്ങള്‍ക്ക് നേരെ ആക്രണമുണ്ടാകുമെന്ന് അവള്‍ പറഞ്ഞു. ശേഷം അവള്‍ ഫോണ്‍ കട്ട് ചെയ്തു. പത്തും ഒന്നും വയസുള്ള തന്റെ മക്കള്‍ക്കും ഭാര്യക്കും എന്ത് സംഭവിച്ചുവെന്ന് അറിയാതെ ഞാന്‍ അടുത്ത ഫോണ്‍ കോളിനുവേണ്ടി കാത്തിരുന്നു. ഭീതി നിറഞ്ഞ നിമിഷങ്ങള്‍. ശേഷം വീണ്ടും ഭാര്യയുടെ വിളി വന്നു. അപ്പോള്‍ തങ്ങളെ രക്ഷിക്കാന്‍ എത്രയും വേഗം ദുബായില്‍ നിന്നും എത്തണമെന്ന് ആവശ്യപ്പെട്ട് അവളും കുട്ടികളും കരയുകയായിരുന്നു.’ ആയുധങ്ങളുമായെത്തിയ ഒരു സംഘം ആളുകള്‍ വീട്ടിലേക്ക് കടന്ന് സാധനങ്ങള്‍ മുഴുവന്‍ അടിച്ചുതകര്‍ത്തതായി ഭാര്യ അദ്ദേഹത്തെ അറിയിച്ചു. മുഹമ്മദിന്റെത് ഉള്‍പ്പെടെ 25 ഓളം വീടുകള്‍ക്ക് നേരെ ആ ദിവസം ആക്രമണമുണ്ടായി.

ചാവേറാക്രമണങ്ങള്‍ക്ക് ശേഷം മുസ്്‌ലിംകള്‍ക്ക് നേരെ നടക്കുന്ന പല ആക്രമണങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് മാത്രം. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അറിയിച്ചിട്ടുണ്ട്. ബൈക്കുകളിലും ഓട്ടോറിക്ഷകളിലും എത്തുന്ന അക്രമി സംഘങ്ങള്‍ വ്യാപക അക്രമങ്ങള്‍ അഴിച്ചിവിട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അക്രമങ്ങള്‍ക്ക് ശേഷം അഭ്യൂഹങ്ങള്‍ പടരാതിരിക്കാന്‍ മേഖലയില്‍ അധികൃതര്‍ സോഷ്യല്‍ മീഡിയകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാതെ ബന്ദികളെപ്പോലെയാണ് തങ്ങള്‍ കഴിയുന്നതെന്ന് ചിലര്‍ പറയുന്നു. വര്‍ഗീയ കലാപങ്ങള്‍ തടയാന്‍ ലങ്കന്‍ മനുഷ്യാവകാശ കമ്മീഷന്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സമാധാനം പാലിക്കാന്‍ മതനേതാക്കളും അഭ്യര്‍ത്ഥിക്കുന്നു.