ഇന്ത്യന്‍ സൈന്യത്തില്‍ മുസ്ലിംകള്ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇല്ല എന്ന കാര്യം ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ശശി തരൂര്‍. സേനയില്‍ മുസ്ലിംകളുടെ പ്രാതിനിധ്യം വിശകലനം ചെയ്യുന്ന ‘ദി ഡോണ്‍’ വെബ്സൈറ്റിലെ ലേഖനം ട്വിറ്ററില്‍ ഷെയര്‍ ചെയ്തു കൊണ്ടാണ് കോണ്‍ഗ്രസ് നേതാവും ചിന്തകനുമായ തരൂര്‍ ഈ അഭിപ്രായ പ്രകടനം നടത്തിയത്. പാക് ദിനപത്രമായ ഡോണില്‍ ഏഴു വര്‍ഷം മുമ്പ് വന്ന ലേഖനത്തില്‍ ചില പിഴവുകളുണ്ടെങ്കിലും വിഷയം പ്രധാനം തന്നെ എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
Despite inaccuracies (3 Muslim Lt.Generals in the Army, not 0, & 1 Air force Chief) this raises an important issue: https://t.co/Ykkmdvbz6E
— Shashi Tharoor (@ShashiTharoor) October 26, 2017
പണ്ഡിതനും എഴുത്തുകാരനുമായി ഉമര്‍ ഖാലിദിയുടെ ‘കാക്കിയും ഇന്ത്യയിലെ വംശീയ അതിക്രമങ്ങളും’ എന്ന പുസ്തകം ആധാരമാക്കിയാണ് ദി ഡോണ്‍ ‘ഇന്ത്യന്‍ സൈന്യത്തിലെ മുസ്ലിംകള്’ എന്ന ലേഖനം 2010 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ചത്. പാകിസ്താനേക്കാള്‍ കൂടുതല്‍ മുസ്ലിം ജനസംഖ്യ ഇന്ത്യക്കുണ്ടെങ്കിലും സൈന്യത്തില്‍ ആ പ്രാതിനിധ്യം ഇല്ലെന്നാണ് ഖാലിദി സമര്‍ത്ഥിക്കുന്നത്. സൈന്യത്തിലെ മുസ്ലിംകളുടെ എണ്ണത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് പ്രതിരോധ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമടക്കം നല്കുന്ന മറുപടി നിഷേധാത്മകമാണെന്നും ലേഖനം പറയുന്നു. അത്തരം ചോദ്യങ്ങള്‍ രാജ്യവിരുദ്ധമാണെന്നാണ് ഒന്നാം എന്‍.ഡി.എ സര്‍ക്കാറിലെ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞത്. മുസ്ലിംകള്ക്ക് സൈന്യത്തില്‍ ചേരാന്‍ വിലക്കൊന്നുമില്ലെന്നും സമുദായത്തിലെ വിദ്യാഭ്യാസ കുറവ് കാരണമാകാം സൈന്യത്തിലെ പ്രാതിനിധ്യ കുറവ് എന്നും മുന്‍ സൈനിക തലവന്‍ സാം മനേക്ഷാ പറഞ്ഞതായും ലേഖനത്തില്‍ പറയുന്നു.
സൈന്യത്തിലെ മുസ്ലിം പ്രാതിനിധ്യത്തെപ്പറ്റി ഔദ്യോഗിക രേഖകള്‍ ഒന്നും ലഭ്യമല്ല. 1990-കളുടെ അവസാനത്തില്‍ പ്രതിരോധ മന്ത്രിയായിരുന്ന മുലായം സിങ് യാദവ് പറഞ്ഞത് ആകെ സൈനികരുടെ ഒരു ശതമാനത്തോളമേ വരൂ എന്നാണ്. ഈ കണക്ക് ശരിയാകാനിടയില്ലെങ്കിലും മുസ്ലിം പ്രാതിനിധ്യം വളരെ കുറവു തന്നെയാണെന്ന് ഖാലിദിയുടെ തന്റെ പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ബ്രിട്ടീഷ് കാലത്ത് സൈന്യത്തിലെ മുസ്ലിം പ്രാതിനിധ്യം 30 ശതമാനമായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് ആറു വര്‍ഷം കഴിഞ്ഞപ്പോള്‍ അത് വെറും രണ്ടു ശതമാനമായി കുത്തനെ കുറഞ്ഞു. സൈനികരില്‍ ഭൂരിഭാഗവും വിഭജന സമയത്ത് പാകിസ്താനിലേക്ക് കുടിയേറിയതാണ് ഇതിന്റെ പ്രധാന കാരണം. ഇക്കാര്യത്തില്‍ അസ്വസ്ഥനായിരുന്ന പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, മുസ്ലിംകളെ കൂടുതലായി സൈന്യത്തിലെടുക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു.
വിഭജനത്തിനു ശേഷം ഇന്ത്യയിലെ മുസ്ലിംകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഉണ്ടായെങ്കിലും സൈന്യത്തിലെ പ്രാതിനിധ്യ കാര്യത്തില്‍ അതുണ്ടായില്ല. ആദ്യത്തെ കരസേനാ മേധാവി ജനറല്‍ കെ.കെ കരിയപ്പ മുസ്ലിം സൈനികര്‍ക്ക് രാജ്യത്തോട് കൂറുള്ളവരാവില്ല എന്ന നിരീക്ഷണമാണ് നടത്തിയത്. എന്നാല്‍, 1965-ലെ യുദ്ധാനന്തരമുള്ള ഉന്നത സൈനിക അവാര്‍ഡുകളില്‍ മിക്കതും മുസ്ലിംകള്ക്കാണ് ലഭിച്ചത്.
സൈന്യത്തില്‍ മേജര്‍ ജനറല്‍ റാങ്കിനപ്പുറം മുസ്ലിംകള്ക്ക് പ്രാതിനിധ്യം ലഭിച്ചില്ല എന്ന ഡോണ്‍ ലേഖകന്റെ വാദം ശരൂര്‍ തിരുത്തുന്നുണ്ട്. മൂന്ന് മുസ്ലിം ലഫ്. ജനറല്‍മാരും ഒരു വ്യോമസേനാ മേധാവിയും ഉണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇന്ത്യയില്‍ ആദ്യമായി ഒരു മുസ്ലിം കരസേനാ മേധാവി ആകാനുള്ള സാഹചര്യം കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നെങ്കിലും നരേന്ദ്ര സര്‍ക്കാറിന്റെ ഇടപെടലിനെ തുടര്‍ന്ന് അത് അട്ടിമറിക്കപ്പെടുകയായിരുന്നു. റാങ്കില്‍ മുന്നിലുള്ള കോഴിക്കോട്ടുകാരന് ലഫ്. ജനറല്‍ പി.എം ഹാരിസിനെ മറികടന്ന് ലഫ്. ജനറല്‍ ബിപിന്‍ റാവത്തിനെ നരേന്ദ്ര മോദി സര്‍ക്കാര്‍ കരസേനാ മേധാവി ആക്കുകയാണുണ്ടായത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇതിനു പിന്നില്‍ ശക്തമായ ചരടുവലികള്‍ നടത്തിയത്.