ലഖ്‌നൗ: ഭൂരിപക്ഷ പ്രീണന വിധിയിലൂടെ ബാബരി മസ്ജിദിന്റെ അസ്ഥിത്വം മാറ്റാനാകില്ലെന്നും ബാബരി എന്നും മസ്ജിദായി തന്നെ തുടരുമെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട അയോധ്യയില്‍ രാമക്ഷേത്രത്തിന് ബി.ജെ.പി തറക്കല്ലിടാനിരിക്കെയാണ് ബാബരി തര്‍ക്കഭൂമി കേസില്‍ സുപ്രധാന കക്ഷിയായിരുന്ന മുസ്‌ലിം വ്യക്തി നിയമ ബോഡ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
‘അത്തരമൊരു വിധി കൊണ്ട് മാത്രം ബാബരി മസ്ജിദിന്റെ അസ്ഥിത്വം മാറ്റാനാവില്ല. ഇസ്‌ലാമിക നിയമ വ്യവസ്ഥയനുസരിച്ച് ഒരിക്കല്‍ നിര്‍മിച്ച മസ്ജിദ് അന്ത്യനാള്‍ വരെ മസ്ജിദായി തുടരും. ഇന്നലെ മസ്ജിദായിരുന്ന ബാബരി ഇന്നും മസ്ജിദാണ്, വരുന്ന കാലമത്രയും മസ്ജിദായിരിക്കുകയും ചെയ്യും. വിഗ്രഹങ്ങള്‍ സ്ഥാപിച്ചതു കൊണ്ടോ പൂജ കര്‍മങ്ങള്‍ തുടങ്ങിയത് കൊണ്ടോ കുറേ കാലത്തേക്ക് നമസ്‌കാരം തടഞ്ഞതു കൊണ്ടോ ബാബരി മസ്ജിദ് ഇല്ലാതാകുന്നില്ല’
ഏതെങ്കിലും ഹൈന്ദവ ആരാധനാലയം തകര്‍ത്തല്ല ബാബരി മസ്ജിദ് നിര്‍മിച്ചതെന്ന് സുപ്രീംകോടതി വിധിയിലൂടെ തന്നെ തെളിഞ്ഞതാണ്. ഖനനത്തിലൂടെ കണ്ടെത്തിയ അവശിഷ്ടം ബാബരി മസ്ജിദ് ഉണ്ടാക്കുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഏതോ നിര്‍മിതിയുടേതാണെന്നും അതിനാല്‍ ക്ഷേത്രം പൊളിച്ചല്ല ബാബരി നിര്‍മിച്ചതെന്നും കോടതി നിരീക്ഷിച്ചിരുന്നു.
‘എത്ര മോശം സാഹചര്യമാണെങ്കിലും ഒന്നും ശാശ്വതമല്ല. പരാജയത്തിന്റെ ദിവസങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ മാറിമറിയും. ഈ ദിവസവും കടന്നുപോകുമെന്നാണ് ഖുര്‍ആന്‍ നല്‍കുന്ന പാഠം. ഇസ്തംബൂളിലെ ഹയാ സോഫിയ അതിന് നല്ലൊരു മാതൃകയാണ്.’ വ്യക്തിനിയമ ബോഡ് ജനറല്‍ സെക്രട്ടറി വലി റഹ്മാനി കൂട്ടിച്ചേര്‍ത്തു.