മലപ്പുറം: പാര്‍ലമെന്റ് പാസാക്കുകയും രാഷ്ട്രപതി അംഗികാരം നല്‍കുകയും ചെയ്ത വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം. നിയമം പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മലപ്പുറത്ത് ചേര്‍ന്ന മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ തീരുമാനമായി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേതൃത്വം നല്‍കുന്ന പ്രക്ഷോഭപരിപാടികള്‍ക്ക് യോഗം എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. ജനുവരി രണ്ടിന് കൊച്ചിയില്‍ സമര പ്രഖ്യാപന സമ്മേളനം സംഘടിപ്പിക്കാനും തീരുമാനമായി.
ദേശീയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കും വരെ ശക്തമായ പ്രക്ഷോഭം നടത്തുന്നതിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചെന്ന് മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യോഗ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ദേശീയ പരൗത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നും സംസ്ഥാനങ്ങള്‍ ഈ നിയമം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടും മുസ്്‌ലിം സംഘടനകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. സമര പ്രഖ്യാപന മഹാസമ്മേളനം ജനുവരി രണ്ടിന് കൊച്ചിയില്‍ നടക്കും. കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിന് കെ.പി.എ മജീദ് കണ്‍വീനറായ സബ് കമ്മിറ്റിക്കും ഇന്നലെ രൂപം നല്‍കി. അഖിലേന്ത്യ തലത്തിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കുന്നതിന് മതേതര സംഘടനകളുടെയും, വിവിധ രാഷ്ട്രീയ മതസംഘടനാ നേതാക്കളുടെയും ന്യൂനപക്ഷ സംഘടനാ നേതാക്കളുടെയും യോഗം വൈകാതെ ഡല്‍ഹിയിലും വിളിച്ചു ചേര്‍ക്കാന്‍ യോഗത്തില്‍ തീരുമാനമായി.
കേരളത്തില്‍ മതേതര സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പൊതു സമൂഹവും ഒറ്റക്കെട്ടായി പൗരത്വ ബേദഗതി നിയമത്തിനെതിരെ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് മുസ്്‌ലിം സംഘടനകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി പൂര്‍ണ പിന്തുണ നല്‍കും. ഒപ്പം ഇത്തരം പ്രക്ഷോഭങ്ങള്‍ സമാധാനപരമായിരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മതേതര വിശ്വാസികളെയും സാമൂഹിക സാസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നേതാക്കളെയും പങ്കെടുപ്പിച്ച് പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കും വരെ പ്രക്ഷോഭം നടത്തുമെന്നും ദേശീയ തലത്തില്‍ ജനാധിപത്യ രീതിയില്‍ പ്രതിഷേധമുയര്‍ത്തുന്നവരോട് യോജിച്ച് പ്രവര്‍ത്തിക്കും. വിശാലമായ പ്രക്ഷോഭ മുഖം തുറക്കുന്നതിനും രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും എല്ലാ സംസ്ഥാനങ്ങളിലെയും സമാന ചിന്താഗതിക്കാരായ മതേതര സംഘടനകളുമായി ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി. ഈ നിയമം അന്തിമമായി പിന്‍വലിക്കും വരെയും പൗരത്വ രജിസ്‌ട്രേഷന്‍ രാജ്യവ്യാപകമാക്കുമെന്ന പ്രഖ്യാപനങ്ങള്‍ ദുര്‍ബലപ്പെടുത്തുംവരെയും പ്രക്ഷോഭവും നിയമനടപടികളുമായും മുന്നോട്ടു പോകും. നിയമ പോരാട്ടത്തില്‍ കൂടുതല്‍ പേര്‍ കക്ഷി ചേരുമെന്നും സാമുദായിക ദ്രൂവീകരണമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബി.ജെ.പിക്കെതിരയുള്ള ധര്‍മപോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ടി.പി അബ്ദുല്ലക്കോയ മദനി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, എം.ഐ. അബ്ദുല്‍ അസീസ്, പി. മുജീബ് റഹ്മാന്‍, ഡോ. ഫസല്‍ഗഫൂര്‍, ശിഹാബ് പൂക്കോട്ടൂര്‍, കെ.പി.എ മജീദ്, അശറഫ് ബാഖവി, ടി.എം സയ്യിദ് ഹാശിം ബാഖവി, ഇ.എം അബൂബക്കര്‍ മൗലവി, സി. അബ്ദുല്ലത്തീഫ്, ഡോ. അന്‍വര്‍ സാദത്ത്, നിസാര്‍ ഒളവണ്ണ, എന്‍.വി അബ്ദുര്‍റഹമാന്‍, സജ്ജാദ് കെ., റഫീഖ് ടി.കെ, കെ.പി ഫസലുദ്ദീന്‍, ഡോ. ഫുക്കാര്‍ അലി, ടി.കെ അബ്ദുല്‍ കരീം, എം.ഐ അബ്ദുല്‍ അസീസ്, സി.പി സൈതലവി, അബ്ദുല്‍ ഖൈര്‍ മൗലവി, കുഞ്ഞിമുഹമ്മദ് പാണ്ടികശാല തുടങ്ങിയവര്‍ പങ്കെടുത്തു.