മുസ്ലിംപള്ളിയെ ശബ്ദമലിനീകരണത്തിന്റെ പ്രധാന ഉദാഹരണമാക്കി; ഡല്‍ഹിയിലെ പാഠപുസ്തകം വിവാദമാകുന്നു

ഡല്‍ഹി: രാജസ്ഥാനിലേയും ഗുജറാത്തിലേയും പാഠപുസ്തക വിവാദങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ ഡല്‍ഹിലും പാഠപുസ്തക വിവാദം. ഡല്‍ഹിയിലെ ദര്യന്‍ഗഞ്ചിലെ സെലിന പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പാഠപുസ്തകത്തിലെ ഒരു പാഠമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പുസ്തകത്തിലെ ശബ്ദമലിനീകരണത്തിന്റെ വിവിധ ഉറവിടങ്ങളെ വിശദീകരിക്കുന്നതിനായി കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന്, മുസ്ലിം പള്ളിയുടേതാണ്. വിമാനം, തീവണ്ടി, മറ്റു വാഹനങ്ങള്‍, മുസ്ലിം പള്ളികള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നും വരുന്ന ശബ്ദം സഹിക്കാനാവാതെ ഒരാള്‍ ചെവി പൊത്തുന്ന ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഐസിഎസ്ഇ സിലബസുകള്‍ക്കുള്ള ആറാം ക്ലാസ് ശാസ്ത്രപാഠപുസ്തകത്തിലാണ് വിവാദ ചിത്രം.

ഡല്‍ഹി ദരിയാഗഞ്ചിലെ സലീന പബ്ലിക്കേഷനാണ് പുസ്തകത്തിന്റെ പ്രസാധകര്‍. എസ്‌കെ ബാഷിന്റെ നേതൃത്വത്തില്‍ ഒരു സംഘം വിദഗ്ധരായ അധ്യാപകരാണ് ഉള്ളടക്കം തയ്യാറാക്കിയതെന്നാണ് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചിത്രം ശ്രദ്ധയില്‍പെട്ട ഒരു രക്ഷിതാവ് വാട്ട്സ്ആപ്പിലൂടെ സംഭവം പങ്കുവച്ചതോടെയാണ് വിഷയം വിവാദമായത്. സംഭവത്തില്‍ പ്രസാധകര്‍ക്കും എഡിറ്റര്‍ എസ്‌കെ ബാഷിനും എതിരേ മുസ്ലിം സംഘടനയുടെ പരാതിയില്‍ പൂനെയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

അതേസമയം, പുസ്തകം വിതരണം ചെയ്യുന്നത് തങ്ങള്‍ നിര്‍ത്തിവച്ചതായി പബ്ലിഷര്‍ അറിയിച്ചു. ഇതാദ്യമായല്ല വര്‍ഗീയ ഉള്ളടക്കമുള്ള പുസ്തകങ്ങള്‍ വിവാദമാവുന്നത്. യേശുക്രിസ്തുവിനെ ചെകുത്താനായി ചിത്രീകരിക്കുന്ന പാഠപുസ്തകം ഗുജറാത്ത് സംസ്ഥാന സര്‍ക്കാര്‍ ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു.