പാര്‍ട്ടി കോടതിക്കെതിരെ മുസ്‌ലിംലീഗിന്റെ ജനകീയ വിചാരണകള്‍ നാളെ

കോഴിക്കോട്: എം.എസ്.എഫ് നേതാവ് അരിയില്‍ ഷുക്കൂറിനെ പാര്‍ട്ടി കോടതി വിചാരണ ചെയ്ത് വെട്ടിക്കൊന്ന ഭീകരതയുടെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് മുസ്‌ലിംലീഗ് സംസ്ഥാന വ്യാപകമായി പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ ‘പാര്‍ട്ടികോടതിക്കെതിരെ ജനകീയ വിചാരണ’ സംഘടിപ്പിക്കും. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനും ടി.വി രാജേഷ് എം.എല്‍.എയും കൊലക്ക് ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ കുറ്റപത്രത്തോടെ കമ്മ്യൂണിസ്റ്റുകളുടെ ഭീകര മുഖമാണ് അനാവരണം ചെയ്യപ്പെട്ടത്. ടി.പി ചന്ദ്രശേഖരന്‍, ഷുഹൈബ് തുടങ്ങി കാസര്‍കോട്ടെ ഇരട്ട കൊല വരെ സി.പി.എം കാടത്തം നീളുന്നു. ഇതിനെതിരായ ജനവികാരം ഉയര്‍ത്താനാണ് ജനകീയ വിചാരണകളെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് വ്യക്തമാക്കി.

കോഴിക്കോട്: എം.എസ്.എഫ് നേതാവ് അരിയില്‍ ഷുക്കൂറിന്റെ ദാരുണ വധത്തിന് നാളെ ഏഴു വര്‍ഷം പിന്നിടുമ്പോള്‍ പാര്‍ട്ടികോടതിക്കെതിരെ ജനകീയവിചാരണ സദസ്സ് എല്ലാ പഞ്ചായത്ത്/മുന്‍സിപ്പല്‍ / മേഖല തലങ്ങളിലും സംഘടിപ്പിക്കാന്‍ ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാലയും ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്ററും ആവശ്യപ്പെട്ടു. സി.പി. എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ടി വി. രാജേഷ് എം.എല്‍.എക്കും ഷുക്കൂര്‍ വധത്തില്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന കാരണത്താല്‍ പ്രതികളാക്കി സി.ബി.ഐ കോടതിയില്‍ കുറ്റപത്രം നല്‍കിയതിനാല്‍ കൊലയില്‍ ഇരുവര്‍ക്കുമുള്ള പങ്ക് വെളിച്ചത്തു വന്നിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ജനകീയ വിചാരണ സദസ്സ് സംഘടിപ്പിക്കാന്‍ മുസ്്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. കൊലപാതക രാഷ്ട്രീയം, പാര്‍ട്ടികോടതി, പാര്‍ട്ടി ഗ്രാമം എന്നിവ പ്രവര്‍ത്തന രീതിയായും നയമായും അംഗീകരിച്ച സി.പി.എമ്മിനെതിരെ സമൂഹ മനസ്സാക്ഷി ഉണര്‍ത്തും വിധം ജില്ലയിലെ 80 കേന്ദ്രങ്ങളില്‍ പരിപാടി സംഘടിപ്പിക്കുന്നതിനാണ് പാര്‍ട്ടി ലക്ഷ്യമിട്ടിട്ടുള്ളത്. അതിനാല്‍ പരിപാടി എല്ലാകേന്ദ്രങ്ങളിലും വിജയകരമായി സംഘടിപ്പിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു

SHARE