പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം തണുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുമ്പോള്‍ എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട നിലപാടില്‍ വ്യക്തത തേടി മുസ്‌ലിംലീഗ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരുമെന്ന് അമിത്ഷാ പ്രഖ്യാപിച്ചതിന് പിന്നാലെ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്ന് രാംലീല മൈതാനിയില്‍ മോദി പ്രസംഗിക്കുന്നു. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട മുസ്്‌ലിംലീഗിന്റെ കേസ്സ് 22നാണ് സുപ്രീം കോടതിയില്‍ എത്തുന്നത്. ഇതിനു മുമ്പായി കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ വ്യക്ത തേടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും.
ജനങ്ങള്‍ക്ക് മുമ്പില്‍ മാറ്റിയും തിരുത്തിയും പറയുകയും രഹസ്യമായി പലതും നടപ്പാക്കുകയും ചെയ്യുന്നവര്‍ക്ക് സുപ്രീം കോടതിയോട് സത്യം പറയേണ്ടിവരും. യു.പി.എ കാലത്ത് തടങ്കല്‍ പാളങ്ങള്‍ ഉണ്ടാക്കിയെന്ന അമിത്ഷായുടെ വാദം നിരര്‍ത്ഥകമാണ്. തടങ്കല്‍ പാളയങ്ങളും ജയിലുകളും ഉണ്ടാക്കുന്നു എന്നതിനെക്കാള്‍ ഒരു വിഭാഗത്തെ അതിലേക്ക് തള്ളിയിടാനുളള നിയമം ഉണ്ടാക്കി എന്നതാണ് പ്രധാനം. രാജ്യത്തെ പൗരന്മാരെ വിഭജിക്കുന്നതും വിവേചനത്തോടെ സമീപിക്കുന്നതുമായ നിയമം ഇപ്പോഴാണ് വന്നത്. അതാണ് ആശങ്ക ഉണ്ടാക്കുന്നത്.
ഒരു വിഭാഗത്തെ രണ്ടാം തരക്കാരാക്കുന്ന പൗരത്വ ഭേദഗതിക്ക് എതിരായ നിയമത്തിന് എതിരെ രാജ്യത്താകെ വന്‍ പ്രക്ഷോഭമാണ് നടക്കുന്നത്. ഭരണകൂടം മാരകമായി അടിച്ചൊതുക്കുകയാണ് പലയിടത്തും. ഉത്തര്‍ പ്രദേശില്‍ യോഗി സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് നിരപരാധികളെ വീടുകള്‍ കയറി കൊന്നൊടുക്കുകയാണ്. കഴിഞ്ഞ 20 നാണ് മീററ്റില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിക്ഷേധിച്ചവരെ പോലീസ് വെടി വച്ച് കൊന്നത്. മുഹമ്മദ് മുഹ്‌സിന്‍(28) ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് കൊല്ലപ്പെട്ടത്. ഷുക്കൂര്‍ നഗറിലെ സാഹിറുദ്ദീനും (45) പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നില്ല. ഫക്രുദീന്‍ അലി അഹമ്മദ് നഗറില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഇരുപത് വയസുകാരന്‍ ആസഫിനെ റിക്ഷ ഓടിച്ചു വരും വഴിയാണ് നെഞ്ചില്‍ വെടിവെച്ച് കൊന്നത്. അലീം അന്‍സാരി (24) റൊട്ടി ഉണ്ടാക്കി വില്‍ക്കുന്ന തൊഴിലാളിയാണ്. ഇവരും പ്രക്ഷോഭത്തില്‍ അലീമും പങ്കെടുത്തിരുന്നില്ല.
മുസ്്‌ലിം ലീഗ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം യു.പിയിലെ മീററ്റ്, കാണ്‍പൂര്‍, ലക്്‌നൗ, ബിജ്‌നോര്‍, സംഭല്‍ എന്നീ വംശഹത്യ നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ഞെട്ടിക്കുന്ന സംഭവങ്ങളാണ് കണ്ടത്. 23 പേരെയാണ് വെടിവെച്ചും തല്ലിയും കൊലപ്പെടുത്തിയത്. നൂറുക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ക്ക് ചികിത്സയും അഭയവും നല്‍കേണ്ട പൊലീസ്, പ്രക്ഷോഭത്തില്‍ പങ്കെടുത്തുവെന്നും പൊതുമുതല്‍ നശിപ്പിച്ചുവെന്നും ആരോപിച്ച് സ്വത്തുക്കള്‍ പിടിച്ചെടുക്കുകയാണ്. മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇരകള്‍ക്ക് റിലീഫും നിയമ സഹായവും ലഭ്യമാക്കുന്നുണ്ട്.
മനുഷ്യത്വ രഹിതമായ ഭരണകൂട ആക്രമണങ്ങള്‍ പുറം ലോകം അറിയാതിരിക്കാന്‍ പൊലീസ് ആരെയും അങ്ങോട്ടു കടത്തിവിടുന്നില്ല. കര്‍ണ്ണാടകയില്‍ നിരപരാധികളെ വെടിവെച്ച് കൊന്ന പൊലീസ് മാധ്യമ പ്രവര്‍ത്തകരെ പോലും വേട്ടായാടി. ഇത്തരം അടിച്ചമര്‍ത്തലുകള്‍ ഫലം കാണില്ലെന്നാണ് ഭരണ ഘടന സംരക്ഷിക്കാനുള്ള ജനങ്ങളുടെ വമ്പിച്ച മുന്നേറ്റം സാക്ഷ്യപ്പെടുത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുസ്്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ലീഡര്‍ ഡോ.എം.കെ മുനീര്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.