കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ പ്രവാസി വരുദ്ധ നടപടികള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജനപ്രതിനിധികള്‍ ജില്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ നടത്തിയ പ്രതിഷേധ സമരം താക്കീതായി. സര്‍ക്കാര്‍ നിലപാട് തിരുത്തും വരെ പോരാട്ടം തുടരുമെന്ന് മുസ്ലിംലീഗ് നേതാക്കള്‍ പറഞ്ഞു. മലപ്പുറത്ത് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഭക്ഷണത്തിനു പോലും വകയില്ലാതെ പ്രയാസപ്പെട്ട് ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ ടിക്കറ്റെടുക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ നാടണയരുതെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാടില്‍ പ്രവാസികളെല്ലാം അങ്കലാപ്പിലാണ്. ശത്രു രാജ്യങ്ങളിലെ പൗരന്മാരോടെന്ന പോലെയാണ് സര്‍ക്കാര്‍ പെരുമാറുന്നത്. അവരെ തടഞ്ഞുവെക്കുകയാണ് സര്‍ക്കാര്‍. ഈ തീരുമാനം ഉടനെ തിരുത്തണം. പ്രവാസികളുടെ യാത്ര എങ്ങനെ മുടക്കാം എന്നു മാത്രമാണ് സര്‍ക്കാര്‍ ഗവേഷണം നടത്തുന്നത്. ഓരോ തവണയും ഓരോ തടസ്സങ്ങളുണ്ടാക്കുകയാണ്. അദ്ദേഹം പറഞ്ഞു. ഈവെനിംഗ് ന്യൂസ് വായിക്കാനല്ല മുഖ്യമന്ത്രിയെ തെരെഞ്ഞെടുത്തത് എന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
പ്രവാസികളുടെ വഴിമുടക്കുന്ന സര്‍ക്കാര്‍ നിലപാട് ഉടന്‍ തിരുത്തണമെന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ അവരെ നാടണയാന്‍ സമ്മതിക്കില്ലെന്ന നിലപാട് സര്‍ക്കാര്‍ തിരുത്തും വരെ പോരാട്ടം തുടരുമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റിനു മുന്നിലെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലേക്കു വരുന്ന പ്രവാസികളെ ലക്ഷ്യമിട്ട് ലോകത്തെങ്ങുമില്ലാത്ത ഒരു നിയമമാണ് സര്‍ക്കാര്‍ പാസാക്കിയിരിക്കുന്നത്. മറ്റേതെങ്കിലും രാജ്യമോ ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനമോ ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. പ്രവാസികളെല്ലാം കോവിഡ് വാഹകരല്ല. ജന്മനാട്ടിലേക്ക് തിരിച്ചുവരാനുള്ള അവരുടെ അവകാശത്തെയാണ് സര്‍ക്കാര്‍ ചോദ്യം ചെയ്തത്. ദുരഭിമാനം വെടിഞ്ഞ് സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണം. അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജില്ലാ ആസ്ഥാനങ്ങളില്‍ മുസ്ലിംലീഗ് നേതാക്കളും ജനപ്രതിനിധികളും പ്രതിഷേധ സമരത്തിന് നേതൃത്വം നല്കി.