വോട്ടര്‍ പട്ടിക പുതുക്കാന്‍ അപ്രായോഗിക മാനദണ്ഡം സമ്മതിദാനാവകാശം അട്ടിമറിക്കാനുള്ള നീക്കം ചെറുക്കും: മുസ്‌ലിംലീഗ്


കോഴിക്കോട്: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക നിലനില്‍ക്കേ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2015ല്‍ ഉപയോഗിച്ച വോട്ടര്‍പട്ടിക മാനദണ്ഡമാക്കിയത് ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ സമ്മതിദാനാവകാശം അട്ടിമറിക്കാനുള്ള നീക്കമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവിച്ചു. അപ്രായോഗികവും അധികച്ചെലവുണ്ടാക്കുന്നതുമായ ഈ തീരുമാനവുമായി മുന്നോട്ടു പോകാനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങളെ ബുദ്ധിമുട്ടിക്കാനും നിരവധി പേര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്താനും മാത്രമേ ഉപകരിക്കൂ.
പഴയ വോട്ടര്‍ പട്ടിക മാനദണ്ഡമാക്കരുതെന്ന സി.പി.എം നിലപാടില്‍ അവര്‍ തന്നെ വെള്ളം ചേര്‍ത്തിരിക്കുകയാണ്. ജനങ്ങളുടെ സമ്മതിദാനാവകാശം അട്ടിമറിക്കാനുള്ള നീക്കം നിയമപരമായും രാഷ്ട്രീയമായും ചെറുക്കും. ഒരു വാര്‍ഡില്‍നിന്ന് മുന്നൂറിലധികം പേരെ പുതുതായി വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തേണ്ടി വരും. ഉദ്യോഗസ്ഥരെയും ജനങ്ങളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്ന പ്രക്രിയയാണിത്. 2019ലെ പട്ടിക തന്നെ തദ്ദേശ തെരഞ്ഞെടുപ്പിന് മാനദണ്ഡമാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് ഹൈക്കോടതിയെ സമീപിക്കുകയും ഇതുപ്രകാരം കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷനും മുസ്‌ലിംലീഗ് പരാതി നല്‍കിയിട്ടുണ്ട്. പുതിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പോകുന്ന 90 ശതമാനം വോട്ടര്‍മാരും ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടവരാകും. നേരത്തെ വോട്ട് ചെയ്തിട്ടുണ്ടെന്ന ധാരണയില്‍ പലരും പുതിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ മടി കാണിക്കും. സമ്മതിദാനാവകാശം അട്ടിമറിക്കാനുള്ള നീക്കത്തെ ചെറുക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

SHARE