തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് മുന്നേറ്റം ഇടതു സര്‍ക്കാരിന് താക്കീത്: മുസ്ലിംലീഗ്


കോഴിക്കോട്: തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് മുന്നേറ്റം കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാറിനുള്ള താക്കീതാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. 27 സീറ്റുകളില്‍ 15 സീറ്റുകള്‍ നേടിയാണ് യു.ഡി.എഫ് മുന്നേറിയത്. യു.ഡി.എഫ് ജയിച്ച നിരവധി സീറ്റുകള്‍ എല്‍.ഡി.എഫില്‍നിന്ന് പിടിച്ചെടുത്തതാണ്. പത്ത് ജില്ലകളിലായി 15 സീറ്റുകള്‍ യു.ഡി.എഫ് നേടിയപ്പോള്‍ 11 സീറ്റുകളാണ് എല്‍.ഡി.എഫിന് ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തി ല്‍പെട്ട പൂവാട്ടുപറമ്പ് ഡിവിഷനില്‍ രമ്യ ഹരിദാസ് എം.പിയുടെ രാജിയെത്തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലെ വന്‍ വിജയം പ്രത്യേകം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2015ല്‍ 300 വോട്ടിന് എല്‍.ഡി.എഫ് ജയിച്ച തിരുവനന്തപുരം കാരോട് ഗ്രാമപഞ്ചായത്തിലെ കാന്തള്ളൂര്‍ വാര്‍ഡിലെ ബി.ജെ.പിയുടെ വിജയം സി.പി.എം പിന്തുണയോടെയാണെന്ന് സംശയിക്കേണ്ടിരിയിരിക്കുന്നു.
ബി.ജെ.പി 519 വോട്ടുകള്‍ക്ക് ജയിച്ച ഇവിടെ ഇത്തവണ 65 വോട്ടുകള്‍ മാത്രമാണ് ഇത്തവണ എല്‍.ഡി.എഫിന് കിട്ടിയത്. ഉപതെരഞ്ഞെടുപ്പ് ഫലം ഇടതു ഭരണത്തിനെതിരായ വ്യക്തമായ സൂചനയാണെന്നും കെ.പി. എ മജീദ് പറഞ്ഞു. രണ്ടു പ്രളയകാലങ്ങളിലൂടെ കടന്നു പോയ കേരളത്തിലെ സാധാരണ ജനങ്ങള്‍ അനുഭവിച്ച പ്രയാസങ്ങള്‍ ഉള്‍ക്കൊള്ളാനോ പരിഹരിക്കാനോ പിണറായി സര്‍ക്കാരിന് കഴിഞ്ഞില്ല. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പു ഫലങ്ങളില്‍ സാധാരണക്കാരുടെ ഭരണ വിരുദ്ധ വികാരമാണ് പ്രതിഫലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.