പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത്‌ലീഗിന്റെ രാപ്പകല്‍ മാര്‍ച്ചിന് പ്രൗഢമായ ആരംഭം


കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന രാപ്പകല്‍ മാര്‍ച്ചിന് തുടക്കം. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ യൂത്ത്‌ലീഗ് അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് പതാക കൈമാറി. മലപ്പുറം പൂക്കോട്ടൂരില്‍ നിന്ന് കോഴിക്കോട് കടപ്പുറത്തേക്കാണ് രണ്ടു ദിവസങ്ങളിലായി രാപ്പകല്‍ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ ഖബറിടത്തില്‍ പ്രാര്‍ത്ഥന നടത്തിയാണ്, പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന രാപ്പകല്‍ മാര്‍ച്ചിനു തുടക്കമായത്. മലപ്പുറം പൂക്കോട്ടൂരില്‍ നിന്നാരംഭിച്ച് കോഴിക്കോട് കടപ്പുറത്താണ് മാര്‍ച്ച് സമാപിക്കുക. രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഡേ നൈറ്റ് മാര്‍ച്ചില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുക്കുന്നത്.

മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് പതാക കൈമാറി. ഇന്ത്യ ആര്‍ക്കും തീറെഴുതിക്കൊടുക്കില്ലെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാത്രി ഒരുമണിക്ക് കോഴിക്കോട് ഫറോക്കിലാണ് മാര്‍ച്ച് ഇന്ന് സമാപിക്കുക. അടുത്ത ദിവസം, ഫറോക്കില്‍ നിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് മാര്‍ച്ച് തുടരും. വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ പങ്കെടുക്കുന്ന പൊതു സമ്മേളനവും കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്നുണ്ട്.