സര്‍ക്കാറിന്റെ പ്രവാസി ദ്രോഹ നിലപാടിനെതിരെ മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമങ്ങള്‍ ഇന്ന്

കോഴിക്കോട്: പ്രവാസികളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പഞ്ചായത്ത്, മുനിസിപ്പല്‍ ഓഫീസുകള്‍ക്ക് മുന്നില്‍ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ഇന്ന് പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കും. ചാര്‍ട്ടേഡ് ഫ്ളൈറ്റുകളില്‍ വരുന്ന പ്രവാസികളുടെ വരവ് മുടക്കാന്‍ അപ്രായോഗികമായ കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയത് ഉള്‍പ്പെടെ സര്‍ക്കാര്‍ നിരന്തരം പ്രവാസി ദ്രോഹം തുടരുകയാണെന്നും ഇതിനെതിരെ നിയമപരമായും രാഷ്ട്രീയമായും പോരാട്ടം തുടരുമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ടെസ്റ്റിന്റെ ഫലം കിട്ടാന്‍ വൈകും. ഇനി ഫലം ലഭിച്ചാല്‍തന്നെ 48 മണിക്കൂറിനകം ചാര്‍ട്ടേഡ് ഫ്ളൈറ്റ് പിടിച്ച് നാട്ടിലെത്തുക അസാധ്യവുമാണ്. ഈ സങ്കീര്‍ണത അറിഞ്ഞുകൊണ്ടു തന്നെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കവുമായി മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്വാറന്റീന്‍ സൗകര്യത്തെക്കുറിച്ച് വീമ്പു പറഞ്ഞ സര്‍ക്കാര്‍ പിന്നീട് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ തന്നെ വേണ്ടെന്നു വെച്ചു. ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ക്കും വിലങ്ങിടാന്‍ നോക്കി. ജോലിയില്ലാത്തവരും വിസിറ്റ് വിസക്ക് പോയി കുടുങ്ങിയവരും ഗര്‍ഭിണികളും രോഗികളുമൊക്കെയാണ് എത്രയും പെട്ടെന്ന് നാടണയാന്‍ ശ്രമിക്കുന്നത്. സ്പോണ്‍സര്‍മാരെ കണ്ടെത്തിയും മറ്റുമാണ് പലരും ടിക്കറ്റിന് പണമുണ്ടാക്കുന്നത്. പുതിയ സാഹചര്യത്തില്‍ ഭീമമായ തുക കോവിഡ് ടെസ്റ്റിന് കൂടി നല്‍കേണ്ടി വരും. ടെസ്റ്റ് നടത്തിയാലും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരാന്‍ പ്രയാസമാകും. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് മാത്രമാണ് ഇങ്ങനെയൊരു നിബന്ധന എന്നതു കൂടി അറിയുമ്പോഴാണ് ഈ ദ്രോഹത്തിന്റെ വ്യാപ്തി മനസ്സിലാവുക- കെ.പി.എ മജീദ് വിശദീകരിച്ചു.

SHARE