വോട്ടര്‍ പട്ടിക പുതുക്കല്‍; മുസ്‌ലിംലീഗ് ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ്

കോഴിക്കോട്: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക നിലനില്‍ക്കേ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2015ല്‍ ഉപയോഗിച്ച വോട്ടര്‍പട്ടിക മാനദണ്ഡമാക്കിയത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം നല്‍കണമെന്ന് കേരള ഹൈക്കോടതി ഉത്തരവ്. അപ്രായോഗികവും അധികച്ചെലവുണ്ടാക്കുന്നതുമായ ഈ തീരുമാനത്തിനെതിരെ മുസ്‌ലിംലീഗിനു വേണ്ടി നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, ഫറോക്ക് മുനിസിപ്പാലിറ്റി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും മണ്ഡലം വൈസ് പ്രസിഡന്റുമായ പി. ഹാഷിഫ് എന്നിവര്‍ നല്‍കിയ റിട്ട് ഹര്‍ജിയിലാണ് ഉത്തരവ്. ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വ:മുഹമ്മദ് ഷാ ഹാജരായി.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം നിയസഭ, ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ച പട്ടിക നിലനില്‍ക്കെ 2015ലെ വോട്ടര്‍പട്ടിക നിശ്ചയിച്ചത് തെറ്റാണെന്ന് ചൂണ്ടികാണിച്ചിട്ടാണ് ഹര്‍ജി നല്‍കിയത്. കേസ് രണ്ടാഴ്ച കൊണ്ട് വീണ്ടും പരിഗണിക്കും. പുതിയ പട്ടിക തയ്യാറാക്കുന്നതിലെ അപ്രായോഗികത ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷനും മുസ്‌ലിംലീഗ് പരാതി നല്‍കിയിട്ടുണ്ട്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച പട്ടികയാണ് മാനദണ്ഡമാക്കിയത്.
ഈ മാതൃക ഇത്തവണയും പിന്തുടരണമെന്നാണ് ആവശ്യം. 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷന്‍ 83 പ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് കേന്ദ്ര കമ്മിഷന്‍ തയ്യാറാക്കിയ പട്ടിക ഉപയോഗിക്കുന്നതിന് വിലക്കില്ല എന്നിരിക്കെ നടപടിക്രമങ്ങള്‍ സങ്കീര്‍ണമാക്കാനും നിരവധി പേരുടെ സമ്മതിദാന അവകാശം ഇല്ലാതാക്കാനും മാത്രമേ ഈ നീക്കം ഉപകരിക്കുകയുള്ളൂ എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

പുതിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പോകുന്ന 90 ശതമാനം വോട്ടര്‍മാരും ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടവരാകും. പുതിയ വോട്ടര്‍ പട്ടികയുണ്ടാക്കാന്‍ ഇവരെ വീണ്ടും പ്രയാസപ്പെടുത്തേണ്ടി വരും. നേരത്തെ വോട്ട് ചെയ്തിട്ടുണ്ടെന്ന ധാരണയില്‍ പലരും പുതിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും വിമുഖത കാണിക്കും. ഉദ്യോഗസ്ഥരെയും സാധാരണക്കാരെയും ഒരുപോലെ പ്രയാസപ്പെടുത്തുന്ന ഈ പ്രക്രിയ പുന:പരിശോധിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷ.

SHARE