സി.എ.എ വിജ്ഞാപനം സ്റ്റേ ചെയ്യണം എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കണം നിയമയുദ്ധം കടുപ്പിച്ച് മുസ്‌ലിംലീഗ്

ഷംസീര്‍ കേളോത്ത്
ന്യൂഡല്‍ഹി

ദേശീയ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടും ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടും മുസ്‌ലിംലീഗ് സുപ്രീം കോടതിയെ സമീപിച്ചു. വിവാദ പൗരത്വ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് അടക്കമുള്ള കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കുന്നത് വരെ നിയമം നടപ്പില്‍ വരുത്തുന്നത് തടയണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിവാദ നിയമ പ്രകാരം നാല്‍പ്പതിനായിരം പേര്‍ക്ക് പൗരത്വം നല്‍കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ നീക്കവും മുസ്‌ലിം ലീഗ് ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം തന്നെ മറ്റൊരപേക്ഷയും മുസ്്‌ലിം ലീഗ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ രണ്ട് ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കണമെന്നാണ് പ്രധാന ആവശ്യം. ഇന്ന് കേന്ദ്ര സര്‍ക്കാര്‍ ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യോഗം നടക്കാനിരിക്കെയാണ് മുസ്്‌ലിം ലീഗ് കോടതിയെ സമീപിച്ചത്. ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ?, ദേശീയ ജനസംഖ്യാ രജിസ്റ്ററിലെ (എന്‍. പി.ആര്‍) വിവരങ്ങള്‍ എന്‍.ആര്‍. സിക്കായി ഉപയോഗിക്കുമോ എന്നീ കാര്യങ്ങളില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നാണ് മറ്റൊരു ആവശ്യം. കേന്ദ്ര മന്ത്രിമാരുടെ പ്രസ്താവനകള്‍ പരസ്പര വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. പൗരത്വ നിയമത്തിന് പിന്നാലെ എന്‍ആര്‍സിയും നടപ്പിലാക്കുമെന്ന് അഭ്യന്തര മന്ത്രി പ്രസ്താവിച്ചിരുന്നു. എന്നാല്‍ എന്‍.ആര്‍.സി നടപ്പിലാക്കുന്നത് ആലോചനയില്‍ പോലുമില്ലന്നാണ് പ്രധാനമന്ത്രി രാംലീലാ മൈതാനത്ത് നടന്ന പൊതുയോഗത്തില്‍ പ്രസംഗിച്ചത്.
ദേശീയ ജനസംഖ്യാ രജിസ്റ്ററിനു വേണ്ടി ശേഖരിക്കുന്ന വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിന് ഉയോഗിക്കുകയോ, ഉപയോഗിക്കാതിരിക്കുകയോ ചെയ്യാമെന്ന നിയമ മന്ത്രിയുടെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ ഭീതിയും ആശങ്കയും ജനിപ്പിച്ചിരിക്കുകയാണ്. ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നതു വരെ എന്‍ആര്‍സിയോ, എന്‍പിആറോ നടപ്പാക്കുന്നത് തടയണമെന്നും മുസ്‌ലിം ലീഗ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിക്ക് വേണ്ടി ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. അഡ്വ. ഹാരിസ് ബീരാനാണ് കേസില്‍ മുസ്‌ലിംലീഗിന് വേണ്ടി ഹാജരാവുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ ശക്തമാവുന്നതിനിടെ ജനുവരി 10ന് കേന്ദ്രസര്‍ക്കാര്‍ നിയമം പ്രാബല്യത്തില്‍ വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. വിവാദ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ ഈ മാസം 22ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ്, മുസ്‌ലിം ലീഗ് വീണ്ടും പരമോന്നത നീതിപീഠത്തെ സമീപിച്ചിരിക്കുന്നത്.

SHARE