തിരൂര്‍: ഭാരതീയന്റെ പൗരത്വത്തെ ചോദ്യം ചെയ്യാന്‍ മാത്രം ഒരു ശക്തിയും രാജ്യത്ത് വളര്‍ന്നിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദേശരക്ഷാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വം അവകാശമാണ്, അത് ആരുടേയും ഔദാര്യമായി കരുതണ്ട. ആ അവകാശത്തെ ചോദ്യം ചെയ്താല്‍ അതിശക്തമായ തിരിച്ചടിയുണ്ടാവും. ഡല്‍ഹി കത്തിയെരിയുന്ന കാഴ്ചയാണ് ദിവസങ്ങള്‍ക്ക് മുമ്പ് ലോകം കണ്ടത്. അവിടെ ആശ്വാസം പകരാന്‍ ആദ്യം ഓടിയെത്തിയത് മുസ്‌ലിം ലീഗ് മാത്രമാണ്. പുനരധിവാസത്തിന് വേണ്ടതല്ലാം പാര്‍ട്ടി അവിടെ ചെയ്തു. ഇനിയും അത് തുടരുക തന്നെ ചെയ്യും. പ്രതിസന്ധികളെയെല്ലാം മറികടന്ന് അവസാന ശ്വാസം നിലക്കും വരെ മുസ്‌ലിം ലീഗ് മര്‍ദ്ധിത ജനവിഭാഗത്തിനൊപ്പമുണ്ടവും. പൂര്‍വ്വീകര്‍ നല്‍കിയ ധൈര്യവും സമര വീര്യവുമാണ് ഞങ്ങളുടെ സിരകളിലോടുന്നത്. വാഗണ്‍ ട്രാജഡിയുടെ ഓര്‍മ്മകളും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഉശിരും ഈ തലമുറയുടെ കുതിപ്പിന്‍ ആവേശം പകരുന്നുണ്ട്. വിജയം കാണും വരെ നിയമ-സമര പോരാട്ടങ്ങളില്‍ മുസ്‌ലിം ലീഗുണ്ടാവുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.


ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലികുട്ടി മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് അധ്യക്ഷത വഹിച്ചു.