മതേതര ഇന്ത്യക്കായി ഒന്നിക്കണം: ബിനോയ് വിശ്വം

കണ്ണൂര്‍: ആര്‍.എസ്.എസ്‌ ലക്ഷ്യമിടുന്ന ഇന്ത്യയെ സൃഷ്ടിക്കുകയാണ് മോദിയുടെയും അമിത്ഷായുടെയും ലക്ഷ്യമെന്ന് ബിനോയ് വിശ്വം എം.പി. ഹിറ്റ്‌ലറുടെയും മുസോളനിയുടെയും ഇന്ത്യന്‍ പതിപ്പാണ് മോദിയെന്നും ബിനോയ് വിശ്വം പറഞ്ഞു. മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ദേശ് രക്ഷാ മാര്‍ച്ചിന്റെ രണ്ടാം ദിന പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റ് ഭരണത്തിനെതിരെ ഏകധാരയായി ഒഴുകേണ്ട നേരമായിരിക്കുന്നു. മതേതര ഇന്ത്യക്കായി രാജ്യം ഒന്നിക്കണം. ഭിന്നിപ്പിന്‍ വിത്തുപാകി കലാപമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

രാജ്യത്തെങ്ങും പ്രതിഷേധം ശക്തമാകുമ്പോള്‍ സി.എ.എയുടെ പേരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വീട് കയറി തെറ്റിദ്ധരിപ്പിക്കുകയാണ്. പ്രക്ഷോഭ രംഗത്ത് വിദ്യാര്‍ത്ഥികളാണ് മാതൃകയാകുന്നത്. രാജ്യത്തെ ഓരോ കലാലയവും പോരാട്ടത്തിന് ആര്‍ജവം പകരുന്ന കാഴ്ചയാണെങ്ങും. രാജ്യ സ്നേഹികളുടെ പ്രതിഷേധത്തിന് മുന്നില്‍ ആര്‍.എസ്.എസും ബി.ജെ.പിയും ഒറ്റപ്പെടുക തന്നെ ചെയ്യുമെന്നും ബിനോയ് വിശ്വം എം.പി പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ്, ജാഥാ നായകന്‍ അബ്ദുല്‍ കരീം ചേലേരി, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുറഹിമാന്‍ കല്ലായി, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, സി.എം.പി ജില്ലാ കൗണ്‍സില്‍ സെക്രട്ടറി പി സുനില്‍ കുമാര്‍ പങ്കെടുത്തു.

SHARE