കോവിഡ് വ്യാപന ഭീഷണി; അണുനശീകരണ യജ്ഞവുമായി മുസ്‌ലിം ലീഗ്

മലപ്പുറം: കോവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന അണുനശീകരണ യജ്ഞത്തിന് മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി തുടക്കം കുറിച്ചു. ജില്ലാ കമ്മിറ്റിക്കു കീഴിലുള്ള ദുരന്ത നിവാരണ സമിതിയുടെ നേതൃത്വത്തിലാണ് ‘നാടും വീടും സുരക്ഷിതം’ എന്ന കാമ്പയിന്‍ ആരംഭിച്ചത്. നാടൊന്നാകെ അണുവിമുക്തമാക്കുകയാണ് അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന പ്രവര്‍ത്തനം എന്നത് കൊണ്ടാണ് ‘അണു നശീകരണ യജ്ഞം’ തീരുമാനിച്ചതെന്ന് ദുരന്തനിവാരണ സമിതിയുടെ ചെയര്‍മാന്‍ കൂടിയായ മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്‌ലിംലീഗിന്റെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തകര്‍ അവരുടെ സ്വന്തം വീടും അയല്‍പക്കത്തെ വീടുകളിലും വ്യാപാര സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയും അണു നശീകരണത്തിന് വിധേയമാക്കും.

ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ നിര്‍ദ്ദേശപ്രകാരമാണ് ഫോഗിംഗും അണുനാശിനി സ്‌പ്രേയും നടത്തുന്നത്. പാണക്കാട്ടെ സ്വവസതി അണു നശീകരണം നടത്തി സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അകലം പാലിക്കുവാനും മുഖാവരണം ധരിക്കുവാനും കൂടിച്ചേരലുകള്‍ ഒഴിവാക്കി പരമാവധി സൂക്ഷ്മത പുലര്‍ത്തുവാനും വളരെ അത്യാവശ്യങ്ങള്‍ക്ക് മാത്രമായി യാത്രകളും സഞ്ചാരങ്ങളും ചുരുക്കുവാനുമുള്ള ബോധവല്‍ക്കരണം, അണു നശീകരണ പ്രവര്‍ത്തനങ്ങള്‍, കൂട്ടംചേര്‍ന്നുള്ള എല്ലാ സംഘടനാ പരിപാടികളും ഉപേക്ഷിക്കല്‍ തുടങ്ങിയവയാണ് കാമ്പയിന്‍ കാലയളവില്‍ ഉദ്ദേശിക്കുന്നതെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ: യു.എ ലത്തീഫ് പറഞ്ഞു. ഫോഗിംഗ് നടത്താനുള്ള യന്ത്രങ്ങള്‍ വാടകക്കെടുത്തും വിലയ്ക്കു വാങ്ങിയും കര്‍ഷകരുടെ കൈവശമുള്ള കീടനാശിനി തളിക്കുന്ന പമ്പുകള്‍ സംഘടിപ്പിച്ചും ചെറിയ സ്‌പ്രേ മെഷീനുകള്‍ വാങ്ങിയുമാണ് പ്രവര്‍ത്തകര്‍ അണുനശീകരണ യജ്ഞം നടത്തുന്നത്.

SHARE