ഡി.എം.കെ സഖ്യത്തില്‍ സീറ്റ് ധാരണ; മുസ്‌ലിംലീഗ് രാമനാഥപുരത്ത്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡി.എം. കെയുടെ നേതൃത്വത്തിലുള്ള മതേതര മുന്നണി സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. പുതുച്ചേരി ഉള്‍പ്പെടെ ആകെയുള്ള 40 സീറ്റില്‍ 20 സീറ്റില്‍ ഡി.എം.കെ മത്സരിക്കും. കോണ്‍ഗ്രസ് 10 സീറ്റിലും സി.പി. ഐ, സി.പി.എം എന്നീ പാര്‍ട്ടികള്‍ രണ്ടു സീറ്റിലും മുസ്‌ലിംലീഗ് ഒരു സീറ്റിലും ജനവിധി തേടും.

യു.പി.എ സഖ്യത്തിന്റെ ഭാഗമായ വൈക്കോയുടെ എം.ഡി.എംകെക്ക് ഒരു ലോക്‌സഭാ സീറ്റും ഒരു രാജ്യസഭാ സീറ്റും നല്‍കാനും തീരുമാനമായി. വി.സി.കെ രണ്ടു സീറ്റിലും കെ.എം.ഡി.കെയും ഐ.ജെ. കെയും ഓരോ സീറ്റിലും മത്സരിക്കും. രാമനാഥപുരം മണ്ഡലത്തില്‍ നിന്നാണ് മുസ്‌ലിംലീഗ് ജനവിധി തേടുക.

സി.പി.എം (കോയമ്പത്തൂര്‍, മധുരൈ), സി.പി.ഐ (തിരുപ്പൂര്‍, നാഗപട്ടണം), വി.സി.കെ (വില്ലുപുരം, ചിദംബരം), കെ.എം.ഡി.കെ (നാമക്കല്‍), ഐ.ജെ.കെ (പെരമ്പലൂര്‍) എന്നിവിടങ്ങളിലും മത്സരിക്കും. പുതുച്ചേരിയിലെ ഒരു സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും. തിരുവള്ളൂര്‍, കൃഷ്ണഗിരി, അരണി, കരൂര്‍, തിരുച്ചിറപ്പള്ളി, ശിവഗംഗ, തേനി, വിരുതുനഗര്‍, കന്യാകുമാരി എന്നിവയാണ് മറ്റു സീറ്റുകള്‍. ചെന്നൈ-സൗത്ത്, നോര്‍ത്ത്, സെന്‍ട്രല്‍, ശ്രീപെരുമ്പത്തൂര്‍, കാഞ്ചീപുരം, കല്ലക്കുറിച്ചി, ആരക്കോണം, ഗൂഡല്ലൂര്‍, തിരുവണ്ണാമലൈ, വെല്ലൂര്‍, ധര്‍മപുരി, സേലം, നിലഗിരി, പൊള്ളാച്ചി, ദിണ്ഡുഗുല്‍, തൂത്തുക്കുടി, തെങ്കാശി, തിരുനെല്‍വേലി, മയിലാടുത്തുറൈ, തഞ്ചാവൂര്‍ എന്നിവയാണ് ഡി.എം.കെയുടെ സീറ്റുകള്‍.