ന്യൂഡല്‍ഹി: കലാപത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനും നിയമപരമായ സഹായങ്ങള്‍ ലഭ്യമാക്കാനുമായി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഡല്‍ഹി കെ എം സി സി യുടെ സഹകരണത്തോടെ മുസ്തഫാദ് ഈദ് ഗാഹ് ക്യാമ്പിലെ ലീഗല്‍ പവലിയനില്‍ നിയമ സഹായ സെല്‍ തുടങ്ങി. കലാപത്തിന്റെ ഇരകള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട അപേക്ഷാ ഫോമില്‍ കൊല്ലപ്പെട്ടവരുടെയും, പരിക്കേറ്റവരുടെയും, വീട് നഷ്ടമായവരുടെയും വിശദവിവരങ്ങളടങ്ങുന്ന അപേക്ഷകള്‍ സമര്‍പ്പിക്കുക, എഫ് ഐ ആര്‍ തയാറാക്കി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നു എന്നുറപ്പാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നിയമ സഹായ സെല്‍ കേന്ദ്രീകരിച്ച് അഭിഭാഷകര്‍ നടത്തുന്നത്. സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ കൃത്യമായി പിന്തുടര്‍ന്ന് നഷ്ടപരിഹാരം ഉറപ്പാക്കുന്ന രൂപത്തിലാണ് നിയമ സഹായ സെല്‍ പ്രവര്‍ത്തിക്കുക.
യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ: കെ ഫൈസല്‍ ബാബു, ഡല്‍ഹി കെ എം സി സി പ്രസിഡണ്ട് അഡ്വ: ഹാരിസ് ബീരാന്‍, യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ: മര്‍സൂഖ് ബാഫഖി, ഷിബു മീരാന്‍, മുഹമ്മദ് ഹലീം, എം എസ് എഫ് ദേശീയ വൈസ് പ്രസിഡണ്ട് പി വി അഹമ്മദ് സാജു, ഡല്‍ഹി കെ എം സി സി ട്രഷറര്‍ ഖാലിദ് റഹ്മാന്‍, ഹിജാസ് തുടങ്ങിയവര്‍ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഈ പവലിയനില്‍ അഭിഭാഷകരുടെ സഹായം ലഭ്യമാക്കും. അഭിഭാഷകരായ ഉസ്മാന്‍ ഗനി, മുഷ്താഖ് സലിം, അസ്ഹര്‍ അസീസ്, ആദില്‍ സൈഫുദീന്‍ എന്നിവരാണ് ഇവിടെ സേവനമനുഷ്ടിക്കുന്നത്.മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി മുസ്തഫാബാദില്‍ ആരംഭിച്ച കെയര്‍ സെന്റര്‍ വഴി പരിക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും വിവരങ്ങള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനവും നടക്കുന്നു.