അഭയം നല്‍കിയ സിഖ് സഹോദരങ്ങളോട് നന്ദി സൂചകമായി സിഖ് തലപ്പാവ് ധരിച്ച് മുസ്ലിം വരനും കൂട്ടരും

ന്യൂഡല്‍ഹി: ഡല്‍ഹി മുസ്‌ലിം വംശഹത്യയില്‍ മുസ് ലിം സഹോദരങ്ങളുടെ ജീവന്‍ രക്ഷിച്ച സിഖ് സഹോദരങ്ങള്‍ക്ക് നന്ദി സൂചകമായി വേറിട്ടൊരു കാഴ്ച്ചയൊരുക്കി മുസ്ലിങ്ങള്‍. കല്യാണത്തിന് വരനും കൂട്ടരും സിഖ് തലപ്പാവ് അണിഞ്ഞായിരുന്നു നന്ദിയര്‍പ്പിച്ചത്. പഞ്ചാബിലാണ് സംഭവം.

പഞ്ചാബിലെ ഗിദ്ദര്‍ബഹയില്‍ വരനായ അബ്ദുല്‍ ഹക്കീമും സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന നൂറോളം പേരാണ് സിഖ് തലപ്പാവ് അണിഞ്ഞത്. ഡല്‍ഹി വംശഹത്യയില്‍ മുസ്ലിം സഹോദരങ്ങളെ സംരക്ഷിക്കുകയും താമസിക്കാനും ഭക്ഷണത്തിനും സഹകരിക്കുകയും ചെയ്തതുകൊണ്ടാണ് ഹക്കീം ഇത്തരമൊരു കാര്യം ചെയ്തത്. സാധാരണ രീതിയില്‍ മുസ്ലിം-ഹിന്ദു വിവാഹങ്ങള്‍ക്കൊക്കെ വരന്‍മാര്‍ വെള്ള വസ്ത്രമണിയുന്ന ഒരു രീതിയുണ്ട്. എന്നാല്‍ ഹക്കീമിന്റെ കുടുംബാംഗങ്ങള്‍ തലപ്പാവ് ധരിക്കുന്നതിന് എതിരായിരുന്നില്ല. ചുവന്ന നിറത്തിലുള്ള തലപ്പാണിഞ്ഞ ഹക്കീമിന് ആശംസയുമായി കുടുംബം തന്നെയാണ് മുന്നിലെത്തിയത്. മത സൗഹാര്‍ദ്ദത്തിന് മാതൃക കുറിച്ച തീരുമാനമാണിതെന്ന് കുടുംബം പറയുന്നു.

‘ആളുകള്‍ ഇപ്പോഴും അഭിനന്ദിക്കുന്നു, ഡല്‍ഹിയിലെ മുസ്ലീങ്ങളെ രക്ഷിച്ച സിഖുകാരോടുള്ള ബഹുമാനാര്‍ത്ഥം തലപ്പാവ് ധരിക്കുമെന്നും സാമുദായിക ഐക്യത്തിന്റെ സന്ദേശം നല്‍കുമെന്നും അബ്ദുല്‍ ഹക്കീം ഞങ്ങളോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ തീരുമാനത്തില്‍ ഞങ്ങള്‍ സന്തുഷ്ടരും സന്തോഷവാന്‍മാരുമാണെന്ന് കുടുംബാംഗമായ സലീംഖാന്‍ പറഞ്ഞു.

ഡല്‍ഹി കലാപത്തില്‍ നിന്നും 80 പേരെ രക്ഷിച്ച ഒരച്ഛനും മകനും ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഗോകല്‍പുരിയില്‍ നിന്നാണ് മോഹീന്ദര്‍ സിങും മകന്‍ ഇന്ദര്‍ജിത് സിങും ഇരുചക്രവാഹനത്തില്‍ ജനങ്ങളെ കലാപസമയത്ത് രക്ഷിച്ചത്. ഒട്ടേറെ തവണ സ്ഥലത്തെത്തിയായിരുന്നു ബൈക്കിലെ രക്ഷാപ്രവര്‍ത്തനം. സമീപത്തുള്ള കര്‍ദാംപുരിയിലേക്കാണ് മുസ്‌ലിംകളെ ഇദ്ദേഹം മാറ്റിപാര്‍പ്പിച്ചത്.

ഇന്ദര്‍ജിത് സിങ് ബുള്ളറ്റിലും മോഹീന്ദര്‍ സിങ് സ്‌കൂട്ടറിലുമാണ് മുസ്‌ലീംകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയത്. ഇതിനായി 20 തവണ ബൈക്കില്‍ അങ്ങോട്ടുമിങ്ങോട്ടും ഇവര്‍ യാത്ര ചെയ്തു. മുസ്‌ലിം ആണെന്ന് തിരിച്ചറിയാതിരിക്കാന്‍ ആണ്‍കുട്ടികള്‍ സിഖ് തലപ്പാവ് കെട്ടിയിരുന്നു. ഞാന്‍ ഹിന്ദുവിനെയോ മുസ്‌ലിമിനെയോ കണ്ടില്ലെന്നും മനുഷ്യനെ മാത്രമാണ് കണ്ടിട്ടുള്ളതെന്നും മോഹീന്ദര്‍ പറഞ്ഞിരുന്നു.

SHARE