പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചരിത്രം രചിച്ച് സംയുക്ത മുസ്ലിം സംഘടനാ റാലി

കൊച്ചി: 2020 ന്റെ തുടക്കം തന്നെ പ്രതിഷേധത്തിന്റെ വേലിയേറ്റം സൃഷ്ടിച്ച് കൊച്ചി. സംസ്ഥാനം ഇന്നുവരെ കണ്ടിട്ടില്ലാത്ത ചരിത്ര മുഹൂര്‍ത്തത്തിനാണ് നഗരം ഇന്ന് സാക്ഷ്യം വഹിച്ചത്. ഉച്ചക്ക് ഒരു മണിയോടെ ചെറു സംഘങ്ങളായി കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലേക്ക് പ്രവര്‍ത്തകര്‍ എത്തി തുടങ്ങിയിരുന്നു. മൂന്ന് മണിയോടെ സ്‌റ്റേഡിയം നിറഞ്ഞു കവിഞ്ഞു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തോക്കിന് മുമ്പില്‍ വിരിമാര്‍ കാട്ടിയ സമുദായം ആര്‍.എസ്.എസിന്റെ തിട്ടൂരത്തിന് മുമ്പില്‍ മുട്ടുമടക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു റാലി.

പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ ജനങ്ങളെ ജാതിയുടെ പേരില്‍ വേര്‍തിരിച്ച് രാജ്യത്തെ വെട്ടിമുറിക്കാനനുവദിക്കില്ലെന്ന് റാലി കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ഭരണകൂട ഭീകരതക്കെതിരെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് നാന്ദി കുറിച്ച് അവകാശ പോരാട്ടത്തിന്റെ അലയൊലികള്‍ തീര്‍ത്ത് അറബിക്കടലിന്റെ തീരമായ മറൈന്‍ ഡ്രൈവ് ലക്ഷ്യമാക്കി നീങ്ങിയ ജനസാഗരം അക്ഷരാര്‍ത്ഥത്തില്‍ പാല്‍കടലായി മാറി.

SHARE