കോവിഡ് രോഗിയുടെ മൃതദേഹം ഏറ്റെടുക്കാനാളില്ല; സംസ്‌കാരത്തിന് നേതൃത്വം നല്‍കി ആംബുലന്‍സ് ഡ്രൈവര്‍

മംഗലാപുരം: കോവിഡ് മഹാമാരി സൃഷ്ടിച്ച ഭീതി സമൂഹത്തില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. രോഗസാധ്യതയുള്ളവരെ പോലും പലപ്പോഴും ആളുകള്‍ ആട്ടിയോടിക്കുന്ന കാഴ്ചകളാണ് നമ്മള്‍ കാണുന്നത്. അത്തരം ഘട്ടങ്ങളിലാണ് യഥാര്‍ത്ഥ മനുഷ്യസ്‌നേഹികളെ സമൂഹം തിരിച്ചറിയാറുള്ളത്. അത്തരത്തിലൊരാളാണ് മംഗലാപുരത്തെ മുഹമ്മദ് ആസിഫെന്ന ആംബുലന്‍സ് ഡ്രൈവര്‍. കോവിഡ് ബാധിച്ച് മരിച്ച ഒരു വൃദ്ധന്റെ മൃതദേഹം സംസ്‌കരിക്കാന്‍ മുന്നിട്ടിറങ്ങിയാണ് ആസിഫ് ശ്രദ്ധാകേന്ദ്രമായത്.

വൃദ്ധസദനത്തില്‍ മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് കഴിഞ്ഞിരുന്ന വേണുഗോപാല്‍ റാവു എന്ന 62-കാരന്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. എന്നാല്‍ ഇദ്ദേഹത്തിന്റെ മൃതദേഹം സ്വീകരിക്കാന്‍ ബന്ധുക്കള്‍ ആരും തന്നെ എത്തിയിരുന്നില്ല. കോവിഡ് പകരുമെന്ന ഭീതിയെ തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കാന്‍ ആരും തന്നെ മുന്നോട്ടുവരാതിരുന്നപ്പോഴാണ് ആസിഫ് ഇതിനായി മുന്നിട്ടിറങ്ങിയത്.

വേണുഗോപാലിന്റെ മൃതദേഹം അനാഥമായി കിടക്കുന്ന വാര്‍ത്തകള്‍ വന്നത് ശ്രദ്ധയില്‍ പെട്ട ആസിഫ് സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍നിന്ന് അനുമതി വാങ്ങി കഴിഞ്ഞ വ്യാഴാഴ്ച ഹിന്ദു ആചാര പ്രകാരം മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മൃതദേഹം സംസ്‌കരിച്ചതെന്നും ഇദ്ദേഹം പറയുന്നു. സംഭവം വാര്‍ത്തയായതോടെ നിരവധി ആളുകളാണ് അഭിനന്ദനമറിയിച്ചത്.

SHARE