മുംബൈ: ബോളിവുഡ് സംഗീത സംവിധായകന് വാജിദ് ഖാന് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 42 വയസ്സായിരുന്നു. ചെമ്പൂരിലെ സുരാന ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലം ചികിത്സയിലായിരുന്നു. കോവിഡ് ബാധയുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
സഹോദരന് സാജിദിനൊപ്പമുള്ള കൂട്ടുകെട്ടിലാണ് വാജിദിന്റെ മികച്ച ഗാനങ്ങള്‍ പലതും പിറന്നത്. 1998ലെ സല്മാന് ചിത്രമായ പ്യാര് കിയാ തൊ ഡര്‍നാ ക്യാ എന്ന ചിത്രത്തിലൂടെയാണ് വാജിദിന്റെ സിനിമാ സംഗീതത്തിലേക്കുള്ള പ്രവേശനം. ഗുണ, ചോരി ചോരി, ദ കില്ലര്‍, ജാനെ ഹോഗാ ക്യാ, കയി കിസ്നെ ദേഖാ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതം നല്കി.
സല്മാന് ഖാന്റെ മികച്ച ഗാനങ്ങളില്‍ നല്ലൊരു ഭാഗവും വാജിദ് ഖാന്റെ സംഗീത മികവിലാണ് ശ്രദ്ധ നേടിയത്. കഴിഞ്ഞയാഴ്ച ഓണ്‍ലൈന്‍ വഴി പുറത്തിറങ്ങിയ ഭായി-ഭായി എന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. കോവിഡ് ലോക്ഡൗണിനിടെ സല്മാന് തന്റെ ഫാം ഹൗസില്‍ ചിത്രീകരിച്ച് ഓണ്‍ലൈനില്‍ തരംഗമായ പ്യാര് കൊറോണ, ഭായി ഭായി എന്നീ ഗാനങ്ങളുടെ സംഗീതം നിര്‍വ്വഹിച്ചതും വാജിദായിരുന്നു.
മരണവാര്‍ത്തയറിഞ്ഞയുടന്‍ തന്നെ അമിതാഭ് ബച്ചന്, പ്രിയങ്ക ചോപ്ര, സോനു നിഗം, പ്രീതി സിന്റ, ശങ്കര്‍ മഹാദേവന്, അക്ഷയ്കുമാര്‍, സോനം കപൂര്‍, അനുപം ഖേര്‍,രാജ് ബബ്ബര്‍, റിതേ്ഷ് ദേശ്മുഖ്, കരണ്‍ ജോഹര്‍, ബിപാഷ ബസു, പരിനീതി ചോപ്ര തുടങ്ങിയ നിരവധി സെലിബ്രിറ്റികള്‍ അനുശോചനം രേഖപ്പെടുത്തി.