സഞ്ജീവ് ഭട്ടിന്റെ ഭാര്യ സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിച്ചു; വധശ്രമം എന്ന് സൂചന

ന്യൂഡല്‍ഹി: സംഘപരിവാറിന്റെ കണ്ണിലെ കരടായ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യയും മകനും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിച്ച് അപകടം. തങ്ങള്‍ക്കെതിരെ നടന്നത് വധശ്രമമാണെന്ന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് ആരോപിച്ചു. ജനുവരി ആറിനായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ചത്.

ബീക്കണ്‍ ലൈറ്റ് വെച്ച രജിസ്റ്റര്‍ നമ്പറില്ലാത്ത ട്രക്കാണ് താന്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ചു കയറിയതെന്ന് ശ്വേത ഭട്ട് പൊലീസിനോട് പറഞ്ഞു. നിയമപരമായി നിലനില്‍ക്കാത്ത 23 വര്‍ഷം പഴക്കമുള്ള കേസ് ഏഴാം തീയതി പരിഗണിക്കാനിരിക്കെ അതിന്റെ തലേദിവസം അപകടം നടന്നത് മാത്രമായി കരുതാന്‍ വയ്യെന്നും ശ്വേത ഭട്ട് പറഞ്ഞു. കാറിലുണ്ടായിരുന്ന ശ്വേതയും മകനും പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടെങ്കിലും കാര്‍ ഭാഗികമായി തകര്‍ന്നു.

‘അപകട സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥന് മൊഴി നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍ക്കെതിരെ പരാതിയൊന്നും നല്‍കിയിട്ടില്ല. മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നിയമിച്ചതാണ് എന്ന് കരുതുന്ന ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. അയാള്‍ക്കെതിരെ പരാതിയൊന്നും നല്‍കിയിട്ടില്ല. വാഹനത്തിന് അത്യാവശ്യം വേണ്ട രേഖകള്‍ പോലും കയ്യില്‍ ഉണ്ടായിരുന്നില്ല’ ശ്വേത പറഞ്ഞു.

2002 ലെ ഗുജറാത്ത് കലാപത്തിലെ മോദിയുടേയും അമിത് ഷായുടേയും പങ്കിനെ കുറിച്ച് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് മോദിയും സംഘപരിവാറും സഞ്ജീവ് ഭട്ടിനേയും കുടുംബത്തേയും വേട്ടയാടാന്‍ തുടങ്ങിയത്. കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ച് മുതല്‍ സഞ്ജീവ് ഭട്ട് ഗുജറാത്ത് പൊലീസിന്റെ കസ്റ്റഡിയിലാണ്. 23 വര്‍ഷം പഴക്കമുള്ള കേസിന്റെ പേരിലാണ് സഞ്ജീവ് ഭട്ടിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

SHARE