കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ ജനമനസ്സുണര്‍ത്തി കെ. മുരളീധരന്‍

പേരാമ്പ്ര: സി.പി.എമ്മുകാര്‍ അരുംകൊല ചെയ്ത ടി.പി ചന്ദ്രശേഖരന്റെയും ഷുഹൈബിന്റെയും ശരത് ലാലിന്റെയും കൃപേഷിന്റെയും ഉറ്റവരുടെ ആശീര്‍വാദം ഏറ്റുവാങ്ങിയും ഗൃഹയോഗങ്ങളിലും കുടുംബ സംഗമങ്ങളില്‍ പങ്കെടുത്തും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ പര്യടനം പൂര്‍ത്തിയാക്കി. നൊച്ചാട് പഞ്ചായത്തിലെ വാല്യക്കോട് ആയിരുന്നു മൂന്നാം ഘട്ട പര്യടനത്തിന്റെ തുടക്കം. നാടിന്റെ സമാധാനത്തിനും വികസനത്തിനും വേണ്ടിയാണ് യു.ഡി.എഫ് വോട്ടഭ്യര്‍ത്ഥിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്നെ ജയിപ്പിച്ചാല്‍ എം.പിയെ കാണാന്‍ ജയിലില്‍ വരേണ്ടി വരില്ല. താലൂക്ക് മാറുന്നതിനനുസരിച്ച് സി.പി.എമ്മിന്റെ നയവും മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ചാത്തോത്ത് താഴെയിലായിരുന്നു അടുത്ത സ്വീകരണം. സ്ഥാനാര്‍ത്ഥിയെ കാണാന്‍ പഴയ തലമുറയിലെ ഒട്ടേറെ പേര്‍ എത്തിയിരുന്നു. അവരെയെല്ലാം കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം മരുതേരിയിലെ കുടുംബസംഗമത്തിലേക്ക്. യാത്രക്കിടെ പഴയകാല കോണ്‍ഗ്രസ് നേതാവ് പുറ്റാട്ടെ ടി. കണാരന്‍ മാസ്റ്ററുടെ വീട്ടിലെത്തി അല്‍പസമയം അദ്ദേഹത്തോടൊപ്പം ചെലവഴിച്ചു. കോടേരിച്ചാലിലെ കുടുംബസംഗമ വേദിയിലേക്ക് സ്ഥാനാര്‍ത്ഥിയെത്തുമ്പോള്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍ മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ അക്കമിട്ട് നിരത്തു കയായിരുന്നു. തുടര്‍ന്ന് സ്ഥാനാര്‍ത്ഥി പ്രസംഗം വേഗം പൂര്‍ത്തിയാക്കി പേരാമ്പ്രയിലേക്ക്. കോണ്‍ഗ്രസ് സേവാദളിന്റെ അഭിഭാഷക വിഭാഗമായ ബി.എന്‍.എസ്.എസ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ യോഗമായിരുന്നു അവിടെ. വേദിയിലുണ്ടായിരുന്ന ആര്‍.എം.പി നേതാവ് കെ.കെ രമയെ കണ്ട് അല്‍പം ചര്‍ച്ച. രമയുമായി സംസാരിക്കുന്നതിനിടെ എടയന്നൂരിലെ ഷുഹൈബിന്റെ പിതാവ് മുഹമ്മദും അവിടേക്കെത്തി. കുശലാന്വേഷണത്തിന് ശേഷം 15 മിനുട്ട് പ്രസംഗം. അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് പോകാനായി കാറില്‍ കയറുന്നതിനിടെ പെരിയയിലെ ശരത് ലാലിന്റെ പിതാവ് സത്യനും കൃപേഷിന്റെ പിതാവ് കൃഷ്ണനുമെത്തി. രണ്ടു പേരോടും സംസാരിച്ച ശേഷം യാത്ര തുടര്‍ന്നു. പന്നിക്കോട്ടൂര്‍, മുതുകാട്, ചക്കിട്ടപാറ, നരിനട എന്നിവിടങ്ങളിലെ കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. തുടര്‍ന്ന് നിപ്പ ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ചെമ്പനോടയിലെ വീട്ടിലെത്തി ഭര്‍ത്താവ് സജീഷിനെയും മക്കളെയും കണ്ടു.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ യു.ഡി.എഫ് നേതാക്കളായ എസ്.കെ അസ്സയിനാര്‍, പി.ജെ തോമസ്, എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍, ടി.കെ ഇബ്രാഹീം, സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, പി.പി രാമകൃഷ്ണന്‍,കെ.കെ വിനോദന്‍, പി.കെ രാഗേഷ്,കെ.എ ജോസ് കുട്ടി, രാജന്‍ വര്‍ക്കി, ബേബി കാപ്പുകാട്ടില്‍, ജിതേഷ് മുതുകാട്, പി.എം പ്രകാശന്‍, പുതുക്കുടി അബ്ദുറഹിമാന്‍, ബാബു തത്തക്കാടന്‍, മൂസ കോത്തമ്പ്ര, മനോജ് എടാണി, ഇ.പി മുഹമ്മദ്, പി.സി കുഞ്ഞമ്മദ്, കെ.സി രവീന്ദ്രന്‍, കെ.സി ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

SHARE